ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനത്തിന് വേണ്ടി അവകാശവാദവുമായി മുസ്ലിം ലീഗിൽ നിന്ന് കൂടുതൽ പേർ രംഗത്ത്.
പെരുവള്ളൂരിൽ നിന്ന് കാവുങ്ങൽ ഇസ്മായിലിന് വേണ്ടിയും പാർട്ടി പ്രവർത്തകർ പിടി മുറുക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പദവി ലഭിക്കാൻ
തേഞ്ഞിപ്പലത്ത് നിന്ന് മുസ്ലിം ലീഗ് ടിക്കറ്റിൽ ബ്ലോക്ക് സീറ്റിൽ വിജയിച്ച ഇ കെ ബഷീറിന് വേണ്ടിയും മൂന്നിയൂരിൽ നിന്ന് എൻ എം അൻവർ സാദത്തിന് വേണ്ടിയും പ്രാദേശിക പാർട്ടി നേതൃത്വം പിടിമുറുക്കുന്നതിനിടയിലാണ് പെരുവള്ളൂരിൽ നിന്ന് ഇസ്മായിൽ കാവുങ്ങലിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.
പെരുവള്ളൂർ ഗ്രാമ പഞ്ചായത്തിലെ കൊല്ലംചിന ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ച ഇസ്മായിലിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കണമെന്ന ആവശ്യവുമായി പ്രവർത്തകരിൽ പ്രബലമായ ഒരു വിഭാഗം പാർട്ടി നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. സംഘടനാ രംഗത്ത് സീനിയറായ നേതാവെന്ന നിലയിൽ ഇസ്മായിലിനെ പരിഗണിക്കണമെന്നാണ് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരത്തെടുക്കപ്പെട്ടവരിൽ സംഘടനാ രംഗത്ത് ഏറ്റവും സീനിയർ എന്ന പരിഗണന കൂടി നേതൃത്വം പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് പെരുവള്ളൂരിലെ ലീഗ് പ്രവർത്തകർ.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്,ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന പ്രവർത്തിക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് തഴക്കവും പഴക്കവും ചെന്ന നേതാവാണ് ഇസ്മായിൽ കാവുങ്ങലെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പ്രവർത്തകർ പറയുന്നു. വള്ളിക്കുന്ന് അസംബ്ലി മണ്ഡലം രൂപികൃതമായത് മുതൽ പാർട്ടിയുടെ മണ്ഡലം പ്രവർത്തക സമിതി അംഗവും അതിന് മുമ്പ് തിരൂരങ്ങാടി മണ്ഡലം എം എസ് എഫ്, യൂത്ത് ലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തന മികവും ഇദ്ദേഹത്തെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
പാർലമെന്ററി രംഗത്ത് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ പദവി മാത്രമല്ലാതെ അർഹതപ്പെട്ട പദവിയൊന്നും ലഭിച്ചിട്ടില്ല എന്നത് കൂടി പരിഗണിച്ച് ബ്ലോക്ക് പ്രസിഡൻ്റ് പദവി ഇദ്ദേഹത്തിന് നൽകണമെന്നാണ് പ്രവർത്തകർ പറയുന്നത്.
കഴിഞ്ഞ തവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാവാൻ പാർട്ടി പഞ്ചായത്ത് ഘടകം തീരുമാനിച്ചെങ്കിലും മൂന്ന് തവണ മെമ്പറായവർ മത്സരിക്കേണ്ടതില്ലന്ന സംസ്ഥാന കമ്മറ്റി തീരുമാനമനുസരിച്ച് മത്സര രംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. ഇപ്രാവശ്യം മാറി നിന്നവർക്ക് പാർട്ടി വീണ്ടും അവസരം ലഭിച്ചപ്പോൾ കൊല്ലംചിന ഡിവിഷനിൽ നിന്ന് 3300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരത്തെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച തുകപോലും ലഭിച്ചില്ല എന്നതും ഇസ്മായിലിനെ വേറിട്ടതാക്കുന്നു. നേരത്തെ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികളിലേക്ക് പരിഗണിക്കപെട്ടിരുന്നെങ്കിലും രണ്ട് സ്ഥാനങ്ങളും മൂന്നിയൂർ പഞ്ചായത്തിൽ നിന്നുള്ളവരെയാണ് പരിഗണിച്ചതെന്ന് ഇസ്മായിലിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു.
നിയോജക മണ്ഡലം രൂപീകൃതമായത് മുതൽ പാർട്ടിയുടെ മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനവും ജില്ലാ ഭാരവാഹി സ്ഥാനവും മൂന്നിയൂർ പഞ്ചായത്തിനെയാണ് പരിഗണിച്ച് പോരുന്നത്. മൂന്ന് തവണ ജില്ലാ പഞ്ചായത്ത് മെമ്പറും മൂന്നിയൂരിൽ നിന്നാണ്.കഴിഞ്ഞ തവണ തേഞ്ഞിപ്പലത്ത് നിന്നുള്ള ടി പി എം ബഷീർ മാത്രമാണ് ജില്ലാ പഞ്ചായത്തിലേക്ക് വന്ന മറ്റൊരു അംഗം.
പാർട്ടിയുടെ പ്രധാന പദവിയും ജില്ലാ ബ്ലോക്ക് അധ്യക്ഷ പദവിയിലേക്കും ആളെ നിയമിക്കൽ പ്രാദേശിക പരിഗണനയേക്കാൾ വ്യക്തികളുടെ കഴിവും സീനിയോററ്റിയും നോക്കിയാണ് തീരുമാനിക്കാറുള്ളത്. അങ്ങിനെ വരുമ്പോൾ ഇസ്മായിൽ കാവുങ്ങലിനെ പരിഗണിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ഈ മാസം 26നാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. അതിനുമുമ്പായി 24-)0 തീയതിക്കകം മുസ്‌ലിം ലീഗ് പാർലമെന്ററി ബോർഡ് കൂടിയശേഷം ഔദ്യോഗിക തീരുമാനം ഉണ്ടായേക്കും.
إرسال تعليق