തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ 4 വിദ്യാർഥികൾ അടക്കം 5 പേർക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. 3 പേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഒരു വിദ്യാർഥിക്ക് യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിൽ പ്രഥമശുശ്രൂഷ നൽകി. ജേണലിസം പഠനവകുപ്പിലെ വിദ്യാർഥിനി ജെ.വൈദേഹിക്ക് കൈവിരലിനും വിദ്യാഭ്യാസ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി സി.ലതാമണിക്ക് കാലിനും കടിയേറ്റു. ഇരുവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽനിന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തു.
എജ്യുക്കേഷൻ പഠനവകുപ്പിലെ വിദ്യാർഥി കെ.എം.അമൽജിത്തിനെ നായ കടിച്ചെങ്കിലും പാന്റ്സിനു മുകളിലായതിനാൽ മുറിവേറ്റില്ല. അമൽജിത്തിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. മൂവരെയും ആശുപത്രിയിൽ നിരീക്ഷണത്തിനു ശേഷമാണ് രാത്രി വീട്ടിലേക്ക് തിരിച്ചയച്ചത്. സൈക്കോളജി പഠനവകുപ്പിലെ വിദ്യാർഥിനി മേഘ ഷാജിക്ക് നേരെയും നായയുടെ ആക്രമണമുണ്ടായി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തു. റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിലെ വിദ്യാർഥി എൻ.കെ.അൽഷാനു നേരെയും ആക്രമണമുണ്ടായെങ്കിലും വസ്ത്രത്തിൽ കടിയേറ്റതിനാൽ മുറിവേൽക്കാതെ രക്ഷപ്പെട്ടു. യൂണിവേഴ്സിറ്റി ഹെൽത്ത് സെന്ററിൽ പ്രഥമചികിത്സ നൽകി.
ഉച്ചകഴിഞ്ഞ് 3നു ശേഷം ക്യാംപസിൽ പലയിടത്തുവച്ചാണ് നായ്ക്കൾ വിദ്യാർഥികളെ ആക്രമിച്ചത്. വനിതാ ഹോസ്റ്റലിൽനിന്ന് ജേണലിസം വകുപ്പിലേക്ക് നടക്കുമ്പോൾ ആണ് വൈദേഹിയെ നായ ചാടിക്കടിച്ചത്. എജ്യുക്കേഷൻ പഠനവകുപ്പിന് മുന്നിലായിരുന്നു ലതാ മണിക്ക് കടിയേറ്റത്. ക്യാംപസിൽ പലയിടത്തായി ഒട്ടേറെ തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നത് വിദ്യാർഥികൾക്കും ജീവനക്കാർക്കും ഭീഷണിയാണ്.
തെരുവുനായ ശല്യത്തിനെതിരായ പരാതി: നടപടിക്ക് മനുഷ്യാവകാശ കമ്മിഷൻ തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ തെരുവുനായ്ക്കളും ഇഴജന്തുക്കളും വിദ്യാർഥികൾ അടക്കമുള്ള ക്യാംപസ് സമൂഹത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു. യൂണിവേഴ്സിറ്റി പിജി വിദ്യാർഥിയും കെഎസ്‌യു സംസ്ഥാന ട്രഷററുമായ കെ.കെ.ബി.ആദിലും മറ്റും നേരത്തേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. പരാതി ഫയലിൽ സ്വീകരിച്ചതായും മേൽ നടപടികൾക്കായി യൂണിവേഴ്സിറ്റി അധികൃതർക്ക് നിർദേശം നൽകിയതായും ആദിലിന് മനുഷ്യാവകാശ കമ്മിഷൻ ആസ്ഥാനത്തുനിന്ന് മറുപടി ലഭിച്ചിട്ടുണ്ട്. ഇന്നലെ ക്യാംപസിൽനിന്ന് 5 പേർക്കുകൂടി നായ്ക്കളുടെ കടിയേറ്റ സാഹചര്യത്തിൽ ആദിലിന്റെ ഒരാഴ്ച മുൻപത്തെ പരാതി ഫയലിൽ സ്വീകരിച്ചത് പ്രതീക്ഷയാണ്. തേഞ്ഞിപ്പലം, പള്ളിക്കൽ, ചേലേമ്പ്ര പഞ്ചായത്ത് പരിധികളിലായാണ് 450 ഏക്കർ വിസ്തൃതിയുള്ള ക്യാംപസ് സ്ഥിതിചെയ്യുന്നത്. 3 പഞ്ചായത്ത് അധികൃതരും യൂണിവേഴ്സിറ്റി അധികൃതരും ചേർന്ന് പ്രശ്നത്തിൽ ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.
Post a Comment