മലപ്പുറം ‣ തിരൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ട്രെയിനിൻ്റെ അപായ ചങ്ങല വലിച്ച് പുറത്തേക്ക് ചാടിയ ചമ്രവട്ടം പുതുപ്പള്ളി സ്വദേശിയുടെ കാലിൻ്റെ എല്ലിന് പൊട്ടലുണ്ടായി. ചൊവ്വാഴ്ച രാവിലെ 9.15 ഓടെ കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ ട്രെയിനിലെ പുറകിലെ ബോഗിയിൽ നിന്നാണ് പുക ഉയർന്നത്. ട്രെയിൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് മിനിറ്റുകൾക്കകമാണ് സംഭവം.
തീപിടുത്തം ഉണ്ടായിയെന്ന ആശങ്കയിൽ യാത്രക്കാർ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ നിന്ന ഉടനെ പുറത്തേക്ക് ചാടിയ യാത്രക്കാരിലൊരാളായ ചമ്രവട്ടം പുതുപ്പള്ളി കക്കിടി പുതിയാട്ടി പറമ്പിൽ ഹംസയുടെ (60) ഇടതു കാലിനാണ് പരിക്കേറ്റത്. ഹംസയുടെ ഇടതു കാലിൻ്റെ എല്ലിന് പൊട്ടലേൽക്കുകയായിരുന്നു. തുടർന്ന് ഇയാളെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദപരിശോധനയിൽ യാത്രക്കാരൻ്റെ ബാഗ് തട്ടി ബോഗിയിലെ ഫയർ എക്സ്റ്റിംഗ്യൂഷൻ പ്രവർത്തിച്ചതിനെ തുടർന്നാണ് പുക ഉയർന്നതെന്ന് കണ്ടെത്തുകയും ഇതെ തുടർന്ന് 10 മിനിറ്റിന് ശേഷം ട്രെയിൻ പുറപ്പെടുകയുമായിരുന്നു.
Post a Comment