മലപ്പുറം ‣ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കാതിരുന്നതിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിയെ പുറത്തുചാടിക്കാൻ സിപിഎം നീക്കം. തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാർത്ഥിയായ പി എ എം സമീറിനെതിരെ രണ്ടത്താണി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ശ്രമം.
നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനാണ് പി എം എ സെമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുൻസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെയാണ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട സെമീർ എന്നൊരാളെ അർഹതപ്പെട്ടവർ ഉണ്ടായിട്ടും അവരെ അവഗണിച്ച് മത്സരിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. പാർട്ടിയെ സ്നേഹിക്കുന്നവർ ഇദ്ദേഹത്തിൻറെ സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡം ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്നും പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് അബ്ദുറഹ്മാൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ സിപിഎം സമീപിച്ചത്.
മുസ്ലിംലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എതിർപ്പ് അറിയിച്ച് രണ്ടത്താണി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻറെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചു കൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പിന്നീട് ഈ പോസ്റ്റ് പിൻവലിച്ച് തിരുത്തി. എന്നാൽ, ഇന്ന് രാവിലെ വീണ്ടും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. അതേസമയം രണ്ടത്താണി പാർട്ടി വിടില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹത്തിൻറെത് സ്വാഭാവികമായ പ്രതികരണമാണെന്ന് എന്നും സ്വാദിഖലി തങ്ങൾ പ്രതികരിച്ചു.
Post a Comment