കരാട്ടെയുടെ മറവിൽ കുട്ടികളെ ലൈംഗിക പീഡനം ചെയ്ത സംഭവം; മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടത ഇന്ന് അന്തിമ വിധി പറയും

മഞ്ചേരി: കരാട്ടെ പരിശീലനത്തിനായെത്തിയ പ്രായപൂർത്തിയാകാത്ത നിരവധി വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന കരാട്ടെ പരിശീലകനെതിരെയുള്ള രണ്ട് പോക്സോ കേസുകളിലെഅന്തിമ വിധി ഇന്ന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി പറയും.
കേസുകളിലെ അന്തിമ വാദം കോടതിയിൽ പൂർത്തിയായി. കുട്ടികളുടെ കരാട്ടെ പരിശീലകൻ വലിയാട്ട് വീട്ടിൽ സിദ്ദിക്ക് അലി (47) ആണ് പ്രതി.

കരാട്ടെ അധ്യാപകനെതിരെ പരാതിയുമായി മുന്നോട്ട് പോകവേ 2024 ഫെബ്രുവരി 19 ന് പ്ലസ്‌വൺ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും, കൊല്ലപ്പെട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ കരാട്ടെ പരിശീലകൻ റിമാൻഡിൽ കഴിയവേ ഇയാൾക്കെതിരെ മറ്റു പോക്സോ പരാതികൾ കൂടി ഉയരുകയായിരുന്നു. വാഴക്കാട് സ്റ്റേഷൻ പരിധിയിലാണ് മുഴുവൻ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
വാഴക്കാട് ഊർക്കടിവിലെ തൻ്റെ വീടിൻ്റെ ടെറസിൽ നടത്തിയ കരാട്ടെ സെൻ്ററിൻ്റെ മറവിൽ പ്രതി വർഷങ്ങളായി കുട്ടികളെ ലൈംഗിക പീഡനം നടത്തുകയായിരുന്നു. 

ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിന് ശേഷമാണ് വിഷയം പുറം ലോകം അറിഞ്ഞത്. പിന്നീട് കരാട്ടെ അധ്യാപകനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ
കുട്ടികളുടെ സുരക്ഷ പരിഗണിച്ച് സിദ്ദിക്ക് അലിക്ക് എതിരെ ഉള്ള പോക്സോ കേസുകളിൽ കസ്റ്റഡി ട്രയൽ അംഗീകരിച്ചിരുന്നു. ആയതിനാൽ റിമാൻഡിൽ ഇരിക്കവെയാണ് വിചാരണ പൂർത്തീകരിച്ചത്.ഇരുപത്തി ഒന്നും 
പതിനാലും സാക്ഷികൾ വീതം ഉള്ള കേസുകളിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം 2025 പകുതിയോടെ തന്നെ പൂർത്തിയായിരുന്നു. 

എന്നാൽ പിന്നീട് പ്രതിഭാഗത്തിന് സാക്ഷികളെ ഹാജർ ആക്കാനും, തെളിവുകൾ ആകാനും സമയം നൽകുകയായിരുന്നു. കേസിൻ്റെ തെളിവിലേക്കായി പ്രതിഭാഗത്തിൻ്റെ ആവശ്യപ്രകാരം പ്രതിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. മൊബൈൽ ഫോൺ പ്രതിഭാഗം തെളിവായി ഹാജർ ആക്കിയിട്ടുണ്ട്. കേസിൽ ഹൈക്കോടതിയുടെ വേഗ വിചാരണ ഉത്തരവ് നിലവിലുണ്ട്. ഏപ്രിൽ 10 2026 ന് മുൻപ് അന്തിമ വിധി ഉത്തരവ് ഉണ്ടാകണമെന്ന ജസ്റ്റിസ് ബദറുദ്ദീൻ്റെ ഹൈ കോടതി ഉത്തരവ് കണക്കിൽ എടുത്താണ് കേസിൽ അന്തിമ വിധി പറയാൻ ഏപ്രിൽ 04 ന് വെച്ചത്. 

വിചാരണ വേളയിൽ പല തവണ പ്രതി ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ അത് കേസിൻ്റെ ഗൗരവം മാനിച്ചും, ജാമ്യം നൽകുന്നത് സാക്ഷികളെയും, വിചാരണയെ പ്രതികൂലമായി ബാധിക്കുന്നതിനാലും, പ്രതിക്ക് ഇത് വരെ ജാമ്യം ലഭിച്ചില്ല. ജില്ലാ കോടതിയും ഹൈ കോടതിയും ജാമ്യം നൽകിയിരുന്നില്ല. പിന്നീട് സുപ്രീം കോടതിയും കരാട്ടെ അധ്യാപകൻ്റെ ജാമ്യം നിഷേധിച്ചിരുന്നു.
6 കേസുകൾ ഉയർന്നതോടെ ഇയാൾക്കെതിരെ ജില്ലാ ഭരണ കൂടം കാപ്പ ചുമത്തി വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു.
നിലവിൽ രണ്ട് വർഷമായി ഇയാൾ റിമാൻഡിൽ കഴിയുകയാണ്.
കേസുകൾക്ക് അഡ്വ. സോമസുന്ദരൻ കോടതിയിൽ ഹാജരായി.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal