തിരൂരങ്ങാടി കുന്ദമംഗലത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച് ഒരു വർഷത്തോളമായി ഉപയോഗിച്ചുവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി സ്വദേശി എരഞ്ഞിക്കൽ വീട്ടിൽ സഹദിനെ (30) യാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. 2025 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശി ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള 'KL 57 K 3735' നമ്പറിലുള്ള സ്കൂട്ടർ പടനിലത്തെ ദീനാർ ഹോട്ടലിന് മുന്നിൽ നിന്നാണ് മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന സംഘം റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സഹദിനെ കണ്ടെത്തുകയായിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന സ്കൂട്ടർ കുന്ദമംഗലത്തു നിന്നും മോഷ്ടിച്ചതാണെന്ന വിവരം പുറത്തുവന്നത്. തുടർന്ന് തിരൂരങ്ങാടി പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment