ഒരു വര്‍ഷം തികയും മുമ്പെ പണി തീര്‍ത്തു; കൂരിയാട് മേല്പാലം പൂര്‍ണ്ണമായും തുറന്ന് കൊടുത്തു

വേങ്ങര | കൂരിയാട്
തകർന്ന ആറുവരി ദേശീയ പാതയില്‍ നിര്‍മ്മിച്ച മേല്പാലം ഇന്നലെ പൂര്‍ണ്ണമായും തുറന്ന് കൊടുത്തു. കഴിഞ ദിവസം തൃശൂര്‍ ഭാഗത്തേക്കുള്ള ഭാഗം ഗതാഗതത്തിന് തുറന്ന് കൊടുത്തതിന് തൊട്ടു പിറകെയാണ് ഇന്നലെ വൈകുന്നേരത്തോടെ മറു ഭാഗവും തുറന്ന് ഇതു വഴി പൂര്‍ണ്ണ ഗതാഗതമൊരുക്കിയത്. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ 380 മീറ്റര്‍ നീളത്തിലാണ് പുതിയ വയഡക്ട് പാലം നിര്‍മ്മിച്ചത്.
      
കഴിഞ വര്‍ഷം മെയ്19 നാണ് ഈ ഭാഗത്തെ കെട്ടിപ്പൊക്കി നിര്‍മ്മിച്ച ആറുവരിപ്പാത തകർന്ന് വീണത്. ഇരുഭാഗത്തും പ്രത്യേക പൂട്ടു കട്ട കൊണ്ട് ഭിത്തി കെട്ടി മണ്ണുനിറച്ചാണ് 40 അടി ഉയരത്തില്‍ റോഡ് നിർമിച്ചിരുന്നത്. വെള്ളം ഒഴുകിപ്പോകുന്ന വയലിൽ വലിയ രീതിയിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡാണ് തകര്‍ന്നിരുന്നത്. നിർമാണം പൂർത്തിയായി ടാറിങ് മുക്കാൽ ഭാഗവും പൂർത്തിയായ ശേഷമാണ് റോഡ് തകർന്നത്. റോഡ് തകർന്നതോടെ ഇവിടെ
വയഡക്ട് പാലം നിർമ്മിക്കണമെന്ന ആവശ്യമുയര്‍ന്നു. 

തകര്‍ച്ചയുടെ കാരണം പഠിക്കാന്‍ ദേശീയ പാത വകുപ്പ് വിദഗ്ത സമിതിയെ നിയോഗിക്കുകയും അടി മണ്ണിന്റെ ഉറപ്പില്ലായ്മയാണ് തകർച്ചക്കു കാരണമെന്ന് വിദഗ്ധ സമിതി കണ്ടെത്തുകയും ചെയ്തതോടെ റോഡ് പൊളിച്ച് മാറ്റി വയഡക്ട് പാലം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഹൈദ്രാബാദിലെ കെ എന്‍ ആര്‍ സിക്കായിരുന്നു നിര്‍മ്മാണ ചുമതല. 

റോഡ് തകര്‍ച്ചയെ തുടര്‍ന്ന് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പുതിയ ഡിസൈനില്‍ കമ്പനി തന്നെ വയഡക്ട് പാലം സ്വന്തം ചെലവില്‍ വേഗത്തില്‍ നിര്‍മ്മിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. കൂരിയാട് അടിപ്പാത മുതൽ, കൂരിയാട് തോടിന് മുകളിലെ ആദ്യ പാലം വരെയാണ് പുതിയ വയഡക്ട് പാലം നിർമിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തോളമായി ഇവിടെ സര്‍വീസ് റോഡിലൂടെയാണ് ഇരു ഭാഗത്തേക്കും വാഹനങ്ങള്‍ കടത്തി വിട്ടിരുന്നത്. ഇതു കാരണം കൂരിയാട് ജംങ്ഷനില്‍ വലിയ തരത്തില്‍ ഗതാഗത തടസം പതിവായി മാറിയിരുന്നു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal