മേലെ ചേളാരിയിലെ വാട്ടർ അതോറിറ്റി ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ അതിക്രമിച്ച് കയറി മതിൽ തകർത്തതായി പരാതി

തേഞ്ഞിപ്പലം | കേരള വാട്ടർ അതോറിറ്റി പരപ്പനങ്ങാടി സെക്ഷന് കീഴിലുള്ള ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അതിക്രമിച്ച് കയറി മതിൽ തകർത്ത് റോഡിലുള്ള മലിന ജലം കോമ്പൗണ്ടിലേക്ക് ഒഴുക്കി വിട്ടതായി പരാതി. കണ്ടാലറിയാവുന്ന ഏതാനും ചില ആളുകൾ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചുറ്റുമതിൽ അടിഭാഗത്ത് കമ്പിപാറയും കൈകോട്ടും ഉപയോഗിച്ച് തകർക്കുകയും റോഡിലുള്ള മലിന ജലം കോമ്പൗണ്ടിലേക്കു ഒഴുക്കി വിടുകയും ചെയ്തുവെന്നാണ് അസിസ്റ്റന്റ് എഞ്ചിനീയർ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. ഈ മാസം 14ന് രാത്രി 8.30 ഓടെയാണ് സംഭവം.

പ്ലാന്റിലെ ജലസംഭരണി ഉപരിതല സംഭരണി ആയതിനാൽ ഈ പ്രവൃത്തി കാരണം മലിനമായ ജലം സംഭരണിയിലുള്ള ശുദ്ധീകരിച്ച കുടിവെള്ളത്തിൽ കലരാൻ വളരെയധികം സാധ്യതയുണ്ടെന്നും തേഞ്ഞിപ്പലം, മുന്നിയൂർ, ചേലേമ്പ്ര, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ്റിലാണ് ഈ അതിക്രമം നടത്തിയതെന്നും പരാതിയിൽ പറയുന്നു. നിരവധി ഘട്ടങ്ങളിലൂടെയുള്ള ശുദ്ധീകരണ പ്രക്രിയയിൽ, മലിന ജലം കലർന്നാൽ മേല്പറഞ്ഞ പഞ്ചായത്തുകളിലെ ജനങ്ങളുടെ ആരോഗ്യത്തെ വരെ ബാധിക്കുന്ന വിഷയം ആയതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ചുറ്റുമതിൽ കുറ്റക്കാരുടെ ചിലവിൽ പുനർനിർമിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിതരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal