മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു

തലപ്പാറ | മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു. കുന്നത്ത് പറമ്പ് സ്വദേശി ഫൈസലാണ് മരിച്ചത് . സംഭവത്തിൽ ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂലൈ എട്ടാം തീയതിയായിരുന്നു സംഭവം. മൂന്നിയൂർ കുന്നത്തുപറമ്പിലെ ഒരു കടയിൽ ഫൈസലും ലത്തീഫും കോഴിമുട്ട വാങ്ങാനായി എത്തിയിരുന്നു. രണ്ടുപേരും അഞ്ച് കോഴിമുട്ട വീതം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടയിൽ ആകെ ആറ് മുട്ടകൾ മാത്രമാണുണ്ടായിരുന്നത്.

ഇതോടെ ഉള്ള മുട്ടകൾ രണ്ടുപേർക്കുമായി വീതിച്ചു നൽകാൻ കടക്കാരൻ തയ്യാറായെങ്കിലും ഫൈസൽ ഇതിന് വഴങ്ങിയില്ല.തുടർന്ന് തനിക്ക് ലഭിച്ച മുട്ടകളുമായി ലത്തീഫ് പോകാൻ ഒരുങ്ങവെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രകോപിതനായ ഫൈസൽ തന്‍റെ കൈവശമുണ്ടായിരുന്ന കോഴിമുട്ട ലത്തീഫിന്‍റെ ദേഹത്തേക്ക് എറിഞ്ഞു.

ഇതിൽ ക്ഷുഭിതനായ ലത്തീഫ് ഫൈസലിനെ ബലമായി പിടിച്ചു തള്ളുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞുവീണ ഫൈസലിന്റെ തല റോഡിലിടിച്ച് പരിക്കേറ്റു.അപകടം നടന്നയുടൻ തന്നെ ഫൈസലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഫൈസൽ മരണത്തിന് കീഴടങ്ങിയത്. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal