അത്തം പിറന്നു, പത്താം നാൾ തിരുവോണം; വീട്ടുമുറ്റങ്ങളിൽ ഇനി പൂക്കളങ്ങളാൽ നിറംപകരും

ചേലേമ്പ്ര: അത്തം പിറന്നു, പത്താം നാൾ തിരുവോണം. വീട്ടുമുറ്റങ്ങളിൽ ഇനി പൂക്കളങ്ങളാൽ നിറംപകരും. പൂക്കളമൊരുക്കാൻ വിപണികളും ഉണർന്നു. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലിയും വാടാമല്ലിയും റോസും ജമന്തിയുമെല്ലാം വിപണി കീഴടക്കുന്നു. എന്നാൽ പൂവിൻ്റെ വിലവർധന പൂക്കളങ്ങളെയും പൊള്ളിക്കുമെന്നുറപ്പ്. അരളിയാണ് വിപണിയിലെ താരം. കിലോയ്ക്ക് 600 രൂപ. ആവശ്യക്കാർ ഏറെയുള്ള മഞ്ഞ- ഓറഞ്ച് ചെണ്ടുമല്ലികൾക്കും വില കുറവില്ല. 

ഓറഞ്ചിന് 80 രൂപയും മഞ്ഞയ്ക്ക് 100-160 രൂപ വരെയുമാണ് വില. കഴിഞ്ഞ വർഷം 50-60 രൂപയുള്ളിടത്ത് നിന്നാണ് കുതിപ്പ്. ജമന്തി 200-400, വാടാമല്ലി 160, റോസ് 200-400 എന്നിവയും വിലയേറിയ താരങ്ങൾ തന്നെ.
വിലകുതിച്ചുയർന്നതോടെ പൂക്കളങ്ങൾക്കുള്ള ചെലവേറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ കൃഷി തുടങ്ങിയെങ്കിലും മഴ ചതിച്ചതോടെ വിളവ് കുറഞ്ഞു. ഇതാണ് വിലവർധനവിന് പ്രധാന കാരണമെന്ന്പറയുന്നു.

ബംഗളൂരുവിലെ ചിക്ക്ബലാപൂർ, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് കോഴിക്കോട് നഗരത്തിലേക്ക് കൂടുതലായും പൂക്കളെത്തുന്ന ത്. ഇവിടെ സാധാരണപോലെ കൃഷിയിറക്കിയെങ്കിലും പകുതി പോലും വിളവ് ലഭിച്ചില്ല.
മാവേലിത്തമ്പുരാന്റെ വരവറിയിച്ച് നാട്യങ്ങളില്ലാത്ത സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഓർമ്മപ്പെടുത്തലായി വീടുകളിൽ ആദ്യത്തെ പൂക്കളം ഒരുങ്ങുന്ന ദിനമാണിത്. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.
ഓണപ്പൂവിപണികളും ഓണച്ചന്തകളും സജീവമാകുന്നതോടൊപ്പം, നാടും നഗരവും ഒരുപോലെ ദീപാലങ്കൃതമാവാനുള്ള തയ്യാറെടുപ്പിലാണ്. പ്രതിസന്ധികളെല്ലാം മറികടന്ന് സ്നേഹവും സാഹോദര്യവും പരസ്പരം പങ്കുവെച്ച് ഒത്തൊരുമയോടെയുള്ള ഓണാഘോഷങ്ങൾക്ക് ഇന്ന് തിരിതെളിയുന്നു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal