ഭാര്യയെ കെട്ടിയിട്ട് മര്‍ദിച്ചു, ജയിലില്‍ നിന്നിറങ്ങി പത്താം നാള്‍ വീണ്ടും അകത്ത്; പോക്‌സോ കേസ് പ്രതി കൊണ്ടോട്ടിയിൽ പിടിയിൽ

കൊണ്ടോട്ടി: സ്വന്തം ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന വണ്ടൂര്‍ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുല്‍ ഹമീദിനെ (39) കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ്ചെയ്തു. കൊണ്ടോട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് വണ്ടൂര്‍ പൊലീസ് പിടികൂടിയത്. 

വിവിധ കേസുകളില്‍ ജയിലിലായിരുന്ന പ്രതി പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളിലാണ് വീണ്ടും പിടിയിലാകുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. കാളികാവ് പുറ്റമണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച്‌ പ്രതി തന്റെ കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം കത്രിക കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.

ഇയാളുടെ അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന്കാരണമെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. ആക്രമണത്തിന് ശേഷം മുറിവുകള്‍ അപകടത്തില്‍ സംഭവിച്ചതാണെന്ന് വരുത്തിതീര്‍ത്ത് പിറ്റേന്ന് ആശുപത്രിയിലെത്തിച്ച ശേഷം യുവതിയെ സ്വന്തം വീട്ടിലാക്കി പ്രതി കടന്നുകളയുകയായിരുന്നു. മാര്‍ച്ച്‌ 23-നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ മറ്റ്‌നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളും നിലവിലുണ്ട്. കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് പൂക്കോട്ടുംപാടം പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സംഭവത്തില്‍ കുട്ടികളുടെ പിതാവ് ചൈല്‍ഡ് ലൈനിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
കൂടാതെ ഭാര്യയുടെ 28.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ബിസിനസ്സ് ആവശ്യത്തിനെന്ന പേരില്‍ കൈപ്പറ്റിയ 2.8 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രതിക്ക് വന്‍കിട ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് യൂണിഫോം ധരിച്ച്‌ ആള്‍മാറാട്ടം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലമ്പൂര്‍ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഷാഹുല്‍ ഹമീദിനെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal