കോഴിക്കോട്: രാജ്യത്തിൻ്റെ എഴുപത്തിയാറാം സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ 126 കേന്ദ്രങ്ങളിൽ എസ്.വൈ.എസ്. സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനം നാളെ. ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിലാണ് സമ്മേളനം ആവിഷ്ക്കരിച്ചിരിക്കുന്നത്.
വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം. ആയിരത്തിലേറെ ഭാഷകൾ സംസാരിക്കുന്ന ഒരു ജനത ഇന്ത്യയിലല്ലാതെ ലോകത്തൊരിടത്തുമില്ല. വേഷത്തിലും വിശ്വാസത്തിലും ആചാരങ്ങളിലും ഈ നാനാത്വം നിലനിൽക്കുന്നു.
ഫെഡറൽ സംവിധാനമാണ് ഇന്ത്യയുടെ വികസന വഴിയിൽ നിർണ്ണായക ഘടകമായത്. രാഷ്ട്രശിൽപ്പികൾ സ്വപ്നം കണ്ടതും നാളിതുവരെ ഭരണഘടനയുടെ കരുത്തിൽ രാജ്യം സംരക്ഷിച്ചു പോന്നതും ഈ വൈവിധ്യത്തെയാണ്. അതുകൊണ്ട് തന്നെ ഏകശിലാത്മകമായ രാജ്യ സങ്കലൽപ്പങ്ങളിലേക്ക് നീങ്ങാതെ ബഹുസ്വര ഇന്ത്യയുടെ സംരക്ഷണത്തിന് കർമനിരതരാകണം എന്ന സന്ദേശമാണ് എസ്.വൈ.എസ്. സ്വാതന്ത്രദിന സമ്മേളനങ്ങളിലൂടെ മുന്നോട്ടുവെക്കുന്നത്.
സ്വാതന്ത്രദിന റാലി, സാംസ്കാരിക പ്രഭാഷണം, പ്രമേയ വിശദീകരണം, സമരപ്പാട്ട് തുടങ്ങിയ പരിപാടികൾ സമ്മേളനത്തിൻ്റെ ഭാഗമായി അരങ്ങേറും. സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ, പ്രസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും
Post a Comment