പുല്ലും വെള്ളവും കൊടുത്തു പാട്ടിലാക്കും; മെഡിക്കല്‍ കോളജ് ക്യാമ്പസിൽ അലഞ്ഞുതിരിഞ്ഞ പശുവിനെ വിറ്റ ഡ്രൈവര്‍ പിടിയില്‍


കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ക്യാമ്പസില്‍

അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരന്‍ കസ്റ്റഡിയില്‍. മെഡിക്കല്‍ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് കളമശേരി പൊലിസിന്റെ പിടിയിലായത്. കൂടുതല്‍ കന്നുകാലികളെ ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി കാന്റീന് സമീപം പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.ഇത്തരത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികള്‍ മുന്‍പും പൊലീസീന് ലഭിച്ചിരുന്നു.

ക്യാമ്പസിനുള്ളില്‍ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തുപാട്ടിലാക്കിയ ശേഷം കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി. തനിക്ക് സാമ്പത്തികപ്രയാസമുണ്ടെന്നും പണം വേണ്ടതിനിലാണ് കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്.



വളരെ കുറഞ്ഞ വിലയ്ക്കാണ് കന്നുകാലികളെ വിറ്റിരുന്നതെന്നാണ് വിവരം. പശുക്കള്‍ക്ക് പുറമെ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് കാണാതായതായി നേരത്തെ പരാതിയുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നതോടെ ഈ കന്നുകാലികളെയും വില്‍പ്പന നടത്തിയതാണോയെന്ന വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 


മെഡിക്കല്‍ കോളജിന് സമീപം താമസിക്കുന്ന ചിലരാണ് കന്നുകാലികളെ ക്യാമ്പസിലേക്ക് മേയാന്‍ തുറന്നുവിടുന്നതെന്ന് ആരോപണമുണ്ട്. മുന്‍പ് കന്നുകാലി ശല്യത്തെപ്പറ്റി പരാതി ഉയര്‍ന്നപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ അധികൃതര്‍ പലവട്ടം ശ്രമം നടത്തിയിട്ടും വിജയിച്ചിരുന്നില്ല. 


മെഡിക്കല്‍ കോളജില്‍ തന്നെയുള്ള ചില ജീവനക്കാരാണ് കന്നുകാലികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal