തേഞ്ഞിപ്പലം ● മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ 2ന് തുറക്കുന്നത് പുനരാലോചിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് നിയോജകമണ്ഡലം എംഎൽഎയുമായ പി അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയനോടും പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയോടും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷത്തിന്റെ ഭാഗമായി പെയ്യുന്ന അതി മഴയും ശക്തിയേറിയ കാറ്റും കാരണം വെള്ളപൊക്ക ഭീഷണിയും വൻ മരങ്ങൾ അടക്കം വീണ് നിരവധി അപകടങ്ങളും വ്യാപകമായികൊണ്ടിരിക്കുകയാണ്. മരങ്ങൾ ഇലക്ട്രിക്ക് പോസ്റ്റുകളിൽ മേൽ പതിച്ച് ലൈൻ കമ്പികൾ അടക്കം പൊട്ടി റോഡിൽ വീഴുന്നതും അതിലേറെ അപകടകരമാണ്.
ഈ ഗുരുതര സാഹചര്യത്തിൽ വിദ്യാലയങ്ങൾ ആരംഭിച്ചാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. ഈക്കാര്യത്തിൽ രക്ഷകർത്താക്കളും അധ്യാപകരും ആശങ്കയിലാണ്. ആയതിനാൽ നിലവിൽ പെയ്യുന്ന അതി രൂക്ഷമായ മഴയുടെയും ശക്തിയേറിയ കാറ്റിന്റെയും കാഠിന്യം കുറയുന്നത് വരെ വിദ്യാലയങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യം സർക്കാർ തലത്തിൽ ആലോചന നടത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് എം എൽ എ രേഖാമൂലം ഇരുവരോടും ആവശ്യപ്പെട്ടത്.
Post a Comment