നിലമ്പൂരിൽ വോട്ടെടുപ്പ് സമാധാനപരം; 75.27 ശതമാനം പോളിങ്

മലപ്പുറം ● നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 75.27 ആണ് ശതമാനമാണ് പോളിംഗ്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. 

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് നിലമ്പൂരിൽ ഒരുക്കിയിരുന്നത്. ഗോത്രവർഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകൾ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.  

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നിലമ്പൂർ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ചുങ്കത്തറ മാർത്തോമാ സ്കൂളിലും പ്രത്യേക കൺട്രോൾ റൂമുകൾ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസിൽ മീഡിയാ മോണിറ്ററിംഗ് കൺട്രോൾ റൂമും വെബ് കാസ്റ്റിംഗ് കൺട്രോൾ റൂമും പ്രവർത്തിച്ചു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണൽ.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal