മലപ്പുറം ● റെൻഡറിംഗ് പ്ലാന്‍റ് ഉടമകളുടെ ചൂഷണത്തിനും അവകാശ സംരക്ഷണത്തിനുമായി മലപ്പുറം ജില്ലയിലെ ചിക്കൻ കടയുടമകൾ നടത്തുന്ന അനിശ്ചിതകാല കടയടപ്പ് സമരം രണ്ടാം ദിനമായ ഇന്നും തുടരും. ജില്ലയിലെ ആയിരക്കണക്കിന് ചിക്കൻ കടകൾ അടച്ചിട്ടതോടെ കോഴിയിറച്ചി വിൽപ്പന പൂർണമായും സ്തംഭിച്ചു. കോഴി മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന റെൻഡറിംഗ് പ്ലാന്‍റ് ഉടമകളുടെ ചൂഷണത്തിനെതിരെയാണ് സമരം.
ന്യായമായ നിരക്കിൽ മാലിന്യം സംസ്കരിക്കാൻ അനുവദിക്കണം, അല്ലെങ്കിൽ സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാൻ അനുമതി നൽകണം തുടങ്ങിയയാണ് ആവശ്യങ്ങൾ. മാലിന്യ സംസ്കരണത്തിന്റെ പേരിൽ ഭീമമായ തുക ഈടാക്കുന്നത് കടയുടമകളെ വലിയ നഷ്ടത്തിലേക്ക് തള്ളിവിടുകയാണെന്ന് വ്യാപാരികൾ പറയുന്നു. സമരം നീണ്ടുപോവുകയാണെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ചെറുകിട വ്യാപാരികൾ ആശങ്കപ്പെടുന്നു.
ജില്ലാ ഭരണകൂടം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് റെൻഡറിംഗ് പ്ലാന്‍റ് ഉടമകളുമായും വ്യാപാരികളുമായും ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഇന്നും ചിക്കൻ കടകൾ തുറക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. ഇത് മലപ്പുറം ജില്ലയിൽ കോഴിയിറച്ചിക്ക് ക്ഷാമമുണ്ടാക്കാനും വിലവർധനവിന് കാരണമാകാനും സാധ്യതയുണ്ട്.
Post a Comment