തിരൂരങ്ങാടി ● കൂരിയാട് ദേശീയപാത തകർന്ന ഭാഗത്ത് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കും. കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിഹ റെഡ്ഡി നേരിട്ടെത്തിയാണ് ദേശീയപാതാ അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവിനോട് ഇക്കാര്യം വിശദീകരിച്ചത്. ആറു മാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ ആവശ്യപ്പെട്ടു. തകർന്ന നിർമിതി പൊളിച്ചു മാറ്റിയ ശേഷമേ നിർമാണം ആരംഭിക്കാൻ കഴിയൂ. ഇതിന് കമ്പനി സാവകാശം തേടി.
മണ്ണു പരിശോധനാ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. ഈ ശുപാർശ ദേശീയപാതാവിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ, മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അപ്രോച്ച് റോഡിന്റെ വീതികുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്ക് വീതികൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിന് ഇടയാക്കിയെന്നാണ് നിഗമനം.
കൺസൾട്ടൻസി പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. കെഎൻആർസിഎല്ലിനുപുറമേ മറ്റുഭാഗങ്ങളിൽ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയർമാനെ കണ്ടു. വിവിധപദ്ധതികളുടെ പ്രോജക്ട് ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തു. 20 പദ്ധതികളാണ് അവലോകനം ചെയ്തത്.
Post a Comment