ഇടുക്കി ● മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത. റൂള്‍ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്ബുകള്‍ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
കാഞ്ചിയാർ ആനവിലാസം, ഉടുമ്ബഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെയാണ് മാറ്റുക. വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി.വിഗ്നേശ്വരി റവന്യൂ, പൊലീസ് അധികാരികള്‍ക്ക് നിർദേശം നല്‍കിയിരുന്നു. പകല്‍ സമയത്ത് മാത്രമേ ഷട്ടറുകള്‍ തുറക്കാവൂവെന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായും കലക്ടർ അറിയിച്ചു. ഇന്നലെ നാലുമണിവരെ ജലനിരപ്പ് 135.25 ആയിരുന്നു. മഴ തുടർന്നാല്‍ ജലനിരപ്പ് ഇനിയും ഉയർന്നേക്കും.
1886 ൽ തിരുവിതാംകൂർ മഹാരാജാവും മദ്രാസ് റെസിഡൻസിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം നിർമാണം ആരംഭിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന് 130 വർഷത്തെ പഴക്കമുണ്ട്. ജോൺ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനീയറുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണരംഗത്തെ വിസ്മയമാണ്. കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളിൽ സുർക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു നിർമാണം.
നിർമാണഘട്ടത്തിൽ 2 തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്. ലോകത്ത് ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ട് എന്ന ഖ്യാതിയും മുല്ലപ്പെരിയാറിനാണ്. കാലഹരണപ്പെട്ട ഈ പുരാതന നിര്‍മിതി കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ ഉറക്കം കളയുന്ന പേടിസ്വപ്നമാണ്.
Post a Comment