മലപ്പുറം ജില്ലാ വാർത്തകൾ | 18.07.2025

🔵 2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ ഷംസീർ
കോട്ടക്കൽ നഗരസഭയിൽ എ.ഐ സാക്ഷരത മിഷൻ ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ ‣ 2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കോട്ടക്കൽ നഗരസഭ ഖിസ്മത് ഫൗണ്ടേഷനുമായി സഹകരിച്ച് തുടക്കം കുറിച്ച എ.ഐ. സാക്ഷരത മിഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു വരാത്ത മേഖലകളില്ല. മരണപ്പെട്ടവരെ ജീവിപ്പിക്കാനും ഇല്ലാത്ത രൂപങ്ങൾ ഉണ്ടാക്കാനും സാധിക്കുന്ന, ഏതു വിവരവും വിരൽത്തുമ്പിലറിയാൻ നമ്മെ സഹായിക്കുന്ന ഒന്നായി എ.ഐ. ടെക്നോളജി മാറി. എന്നാൽ ഒരേ സമയം ഗുണവും ദോഷവും എഐയ്ക്കുണ്ട്. ഇവ നൽകുന്ന വിവരങ്ങൾ എല്ലാം കൃത്യമാവണം എന്ന് ഉറപ്പില്ല. അതിനാൽ സമീപ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് എ.ഐ. ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയ്ക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷനായിരുന്നു. എ ഐ സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉദ്ഘാടനം എം.പി. അബ്ദുസമദ് സമദാനി നിർവഹിച്ചു. ഖിസ്മത്ത് ഫൗണ്ടേഷൻ സി.ഇ.ഒ കെ.എം. ഖലീൽ പദ്ധതി വിശദീകരിച്ചു. ബ്രിറ്റ് കോ ആൻഡ് ബ്രിഡ് കോ എം.ഡി മുത്തു കോഴിച്ചെന മുഖ്യാതിഥിയായിരുന്നു. കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ. ഹനീഷ, വൈസ് ചെയർമാൻ സി. മുഹമ്മദ് അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റസാഖ് ആലമ്പാട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. മറിയാമു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. അബ്ദു , കോട്ടക്കൽ മുനിസിപ്പാലിറ്റി കൗൺസിലർമാരായ കബീർ തയ്യിൽ, കെ.പി. അബൂബക്കർ ഇന്ത്യനൂർ എന്നിവർ സംസാരിച്ചു.

വിവിധ ടെക്നോളജി വിസ്മയങ്ങളുടെ ആഘോഷമായി ജൂലൈ 25,26,27 തിയ്യതികളിലായി കോട്ടക്കൽ ഫാറൂഖ്‌ കോളേജിൽ നടക്കുന്ന 'കോടെക് ഫെസ്റ്റ് 2025' ന്റെ പ്രധാന ഇനമാണ് എ.ഐ. സാക്ഷരത മിഷൻ. നഗരസഭയിലെ പ്രായം ചെന്നവർ മുതൽ കുട്ടികൾ വരെയുള്ളവരെ ഏതെങ്കിലും ഒരു എ.ഐ. ടൂൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന രാജ്യത്തെ ആദ്യ ജനകീയ ടെക് ഫെസ്റ്റാണ് കോ ടെക്ക് ഫെസ്റ്റ് 2025. മൂന്ന് ദിവസങ്ങളിലും കോളേജിലെ ക്ലാസ്സ്‌ മുറികളിൽ പ്രായഭേദമന്യേ ആർക്കും വന്നിരുന്നു എ.ഐ പഠിക്കാൻ അവസരമുണ്ട്. സമ്പൂർണ്ണ എ.ഐ സാക്ഷരതയുള്ള ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റിയായി കോട്ടക്കലിനെ പ്രഖ്യാപിക്കലാണ് ലക്ഷ്യം. സ്കൂളുകൾ,വാർഡ് സഭകൾ, അംഗൻവാടികൾ, മാർക്കറ്റുകൾ തുടങ്ങി പൊതു ഇടങ്ങളിൽ ക്‌ളാസുകൾ സംഘടിപ്പിച്ചും വീടുകളിൽ നേരിട്ട് വളന്റിയർമാർ എത്തിയും സാക്ഷരത പൂർത്തീകരിക്കും. 

കോട്ടക്കൽ നഗരത്തിന്റെ ട്രാഫിക്, ജല മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്ന ഗവേഷണ പരിപാടികൾക്ക് ഫെസ്റ്റിൽ തുടക്കമാകും. എംപിമാർ, എംഎൽഎമാർ, ഐ.ഐ.ടി പ്രൊഫസർമാർ, വിവിധ മേഖലകളിലെ വിദഗ്ദർ പങ്കെടുക്കുന്ന വ്യത്യസ്ത പാനൽ ചർച്ചകളും സംവാദങ്ങളും നടക്കും. പ്രൊജക്റ്റ്‌, ഹാക്കത്തോൺ, ഐഡിയത്തോൺ മത്സരങ്ങളും വിവിധ എക്സിബിഷനുകളും നടക്കുന്ന ഫെസ്റ്റിൽ മൂന്നു രാത്രികളിലും മെഗാ മ്യൂസിക് ഇവന്റുകളും നടക്കും. കോട്ടക്കൽ ഫാറൂഖ്‌ കോളേജ് ഹോസ്റ്റിങ് പാർട്ണറായ കോ ടെക് 2025 കുസാറ്റ് സർവകലാശാല, കേരള സ്റ്റാർട്ട്‌ അപ്പ് മിഷൻ, തിരൂർ എസ്.എസ്.എം പൊളിടെക്‌നിക് കോളേജ്, ഫെയ്ത് ഫൌണ്ടേഷൻ തുടങ്ങിയ വിവിധ സ്ഥാപനങ്ങളും സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫോട്ടോ: കോട്ടക്കൽ നഗരസഭയിൽ എ ഐ സാക്ഷരത മിഷൻ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കുന്നു

🟥 വാഹന ഗതാഗതം നിരോധിച്ചു

പൊതുമരാമത്ത് വകുപ്പ് കൊണ്ടോട്ടി നിരത്തുകള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന പള്ളിക്കല്‍-കൂനൂല്‍മാട്-പള്ളിക്കല്‍ ആല്‍പ്പറമ്പ്-കരിപ്പൂര്‍ റോഡുകളില്‍ നിർമാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജൂലൈ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.
പള്ളിക്കല്‍ കൂനൂല്‍മാട്- ആല്‍പ്പറമ്പ്-കരിപ്പൂര്‍ റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ കൊട്ടപ്പുറം-കാക്കഞ്ചേരി റോഡ് വഴിയോ കോഹിനൂര്‍ പുത്തൂര്‍ പള്ളിക്കല്‍-കുമ്മിണി പറമ്പ്-തറയിട്ടാല്‍ റോഡ് വഴിയോ തിരിഞ്ഞു പോവണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

🟢 ആയുഷ് കായകൽപ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മലപ്പുറം ജില്ലയ്ക്ക് നേട്ടം

 പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ പുരസ്കാരങ്ങൾ മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നിരവധി പുരസ്കാരങ്ങൾ. ഉപജില്ല ഹോസ്പിറ്റൽ വിഭാഗത്തിൽ വണ്ടൂർ പഞ്ചായത്തിലെ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ സെൻ്റർ 89.62% മാർക്കോടുകൂടി കമന്റേഷൻ പ്രൈസിന് അർഹത നേടി. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. ജില്ലാതലം ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഐ എസ് എം വിഭാഗത്തിൽ മാറഞ്ചേരി ഗവൺമെന്റ്റ് ആയുർവേദ ഡിസ്പെൻസറി 99.58 % മാർക്കോടെയും ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി കൂരാട് 86.25 % മാർക്കോടെയും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒരു ലക്ഷം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക. 

കൂടാതെ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി താനൂർ 98.75%, ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി അങ്ങാടിപ്പറം 95.83 %, ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി ആനക്കയം 94. 58 % എന്നീ മാർക്കുകളോടെ ഐഎസ്.എം വിഭാഗത്തിൽ കമൻ്റേഷൻ പ്രൈസിന് അർഹത നേടി. ഹോമിയോ വിഭാഗത്തിൽ ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി അരീക്കോട് 81.25 ശതമാനവും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കോട്ടക്കൽ 80.41 ശതമാനവും ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി ഒമാനൂർ 78.33 ശതമാനവും മാർക്കുകൾ നേടി കമന്റേഷൻ പ്രൈസ് മുപ്പതിനായിരം രൂപയ്ക്ക് അർഹത നേടി. 

ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് പുരസ്കാരങ്ങൾ നൽകുന്നത്. ശുചിത്വം, മാലിന്യനീക്കം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവ് വിലയിരുത്തിയാണ് അവാർഡ് പരിഗണിക്കുന്നത്. ആയുർവേദ ഹോമിയോപ്പതി ജില്ലാ ആശുപത്രികൾ, സബ്ജില്ല, താലൂക്ക് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് പല ഘട്ടങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ആയുഷ് കായകൽപ് അവാർഡ് നൽകുന്നത്. ശുചിത്വം, മാലിന്യനീക്കം, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ചവർ നടത്തിയ മൂല്യനിർണയം ജില്ല, സംസ്ഥാന കായകൽപ് കമ്മിറ്റികൾ വിലയിരുത്തി സമാഹരിച്ച റിപ്പോർട്ടുകൾ പരിശോധിച്ച് അവാർഡ് നിർണയ കമ്മിറ്റിയാണ് മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്.

🟦 ഭൂമി ലേലം
നിലമ്പൂര്‍ താലൂക്കില്‍, വണ്ടൂര്‍ വില്ലേജില്‍, സര്‍വ്വേ നമ്പര്‍ 267/24 ല്‍ ഉള്‍പ്പെട്ട 0.0490 ഹെക്ടര്‍ ഭൂമിയും കെട്ടിടവും 4,01,500 രൂപ കോടതി പിഴ ഈടാക്കുന്നതിന് ആഗസ്റ്റ് 19ന് രാവിലെ 11ന് വണ്ടൂര്‍ താലൂക്ക് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്യും.

📣 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് താല്‍ക്കാലിക നിയമനം

പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം കോഴ്സ്, നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2964554.

🟡 മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ

നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, സ്റ്റോറേജ് ബിന്നുകള്‍, മിക്സി, ഗ്രൈന്‍ഡറുകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് അങ്കണവാടികളില്‍ ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ആ പ്രദേശത്തെ മുഴുവന്‍ അങ്കണവാടികളും എയര്‍കണ്ടീഷന്‍ സൗകര്യങ്ങളുള്ള മോഡേണ്‍ ഹൈടെക് അങ്കണവാടികള്‍ ആക്കി മാറ്റുന്നത്. ഇത്തരം മാറ്റത്തിന് നേതൃത്വം നല്‍കിയ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. 

പുറംഭാഗം ട്രെയിനുകളുടെ കമ്പാര്‍ട്ട്മെന്റ് രൂപത്തിലും, അകത്ത് ഏകീകൃത കളറിംഗ് നല്‍കി ശിശു സൗഹൃദ ആകര്‍ഷകമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരച്ചുമാണ് എല്ലാ അങ്കണവാടികളിലെയും ചുമരുകളില്‍ തയ്യാറാക്കിയത്. ആകെയുള്ള 64 അങ്കണവാടികളില്‍ 42 അങ്കണവാടികള്‍ സ്വന്തം കെട്ടിടത്തിലും, 22 അങ്കണവാടികള്‍ വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലും ഒരേ തരത്തിലുള്ള സൗകര്യമൊരുക്കി എന്ന അപൂര്‍വ്വ നേട്ടവും മലപ്പുറത്തെ അങ്കണവാടികള്‍ പദ്ധതി മുഖാന്തരം നേടുകയുണ്ടായി. 

കേന്ദ്രസര്‍ക്കാര്‍ ഫണ്ടും നഗരസഭയുടെ തനത് ഫണ്ടും ഉള്‍പ്പെടെ രണ്ടു കോടി നാല്‍പ്പത്തിഅഞ്ച് ലക്ഷം രൂപക്ക് ബഹുവര്‍ഷ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി വൈദ്യുതി കണക്ഷന്‍ ലഭിക്കാതിരുന്ന അങ്കണവാടികളില്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചു. അങ്കണവാടികളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രക്ഷിതാക്കള്‍ക്കും പൂര്‍ണ്ണമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഇരിക്കുന്നതിന് വേണ്ടി ആയിരം കസേരകളുമാണ് നഗരസഭ അറുപത്തിനാല് അങ്കണവാടികളിലായി നല്‍കിയത്. അങ്കണവാടിയിലെ വര്‍ക്കര്‍മാരെയും, ആയമാരെയും ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ വിനോദയാത്ര ഉള്‍പ്പെടെ നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്നു. നഗരസഭയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പങ്കെടുക്കാന്‍ കഴിയാവുന്ന തരത്തില്‍ അങ്കണവാടി കലോത്സവത്തിനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്.
ഫോട്ടോ: മലപ്പുറത്തെ 64 അങ്കണവാടികളും ഹൈടെക് മോഡേൺ സ്മാർട്ട് ആയി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരി പ്രഖ്യാപിക്കുന്നു

📣 വെറ്ററിനറി സര്‍ജൻ നിയമനം

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് രാത്രികാല അടിയന്തര മൃഗ ചികിത്സ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള ബി.വി.എസ്.സി/എ.എച്ച് യോഗ്യതയുമുള്ള വെറ്ററിനറി സര്‍ജന്മാര്‍ക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവര്‍ ജൂലൈ 19ന് രാവിലെ 10.30ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം. 
ഫോൺ: 0483 273497

🔴 എല്ലാ പ്രവാസികളും ക്ഷേമനിധി അംഗത്വം നേടണമെന്ന് എ.സി മൊയ്തീന്‍ എം.എല്‍.എ

പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി സിറ്റിങ് മലപ്പുറത്ത് നടന്നു
 
പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായമടയ്ക്കാന്‍ എല്ലാ പ്രവാസികളും ശ്രദ്ധിക്കണമെന്ന് പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ അധ്യക്ഷന്‍ എ.സി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. സംഘടനകളിലെ അംഗങ്ങളെല്ലാം പ്രവാസി ക്ഷേമസമിതിയില്‍ അംഗങ്ങളാണെന്ന് സംഘടനകള്‍ ഉറപ്പുവരുത്തണം. പ്രവാസികള്‍ക്ക് അംഗത്വം നല്‍കുന്ന സംഘടനകള്‍ അംഗത്വത്തിനുള്ള അപേക്ഷ കൂടി പൂരിപ്പിച്ച് നല്‍കാന്‍ ശ്രദ്ധിക്കണം. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവാന്‍ അംഗത്വം അനിവാര്യമാണെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് മലപ്പുറം ജില്ലയില്‍ തുറക്കണമെന്ന പ്രവാസികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും എല്ലാ ജില്ലയിലും ഓഫീസ് തുറക്കണമെന്നതാണ് സമിതിയുടെ കാഴ്ചപ്പാടെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് വലിയ അംഗീകാരമാണ് ലോക കേരളസഭ എന്ന ആശയത്തിലൂടെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. വിദേശമലയാളികളുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം കുറ്റമറ്റതാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിവരശേഖരണം നടത്താമെന്ന പ്രവാസി സംഘടനകളുടെ നിര്‍ദേശം നിയമസഭാസമിതി പരിഗണിക്കും. പ്രവാസി സംരംഭകര്‍ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാങ്കുകള്‍ക്കെതിരായ പരാതികള്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയില്‍ ഉന്നയിക്കുമെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. 

കേരളത്തില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. എന്നിട്ടും നിരവധി പേര്‍ ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടില്ലെന്ന് സമിതി അംഗമായ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. വിദേശത്തെ പ്രവാസി സംഘടനകള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകള്‍ നടത്തുമ്പോള്‍ ക്ഷേമ നിധിയില്‍ കൂടി അംഗത്വം എടുപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
   നിയമസഭാ സമിതി അംഗങ്ങളായ ഇ.ടി ടൈസണ്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു. 
 നിയമസഭാ സെക്രട്ടേറിയറ്റ് നോര്‍ക്ക സമിതി അണ്ടര്‍ സെക്രട്ടറി കെ. ആനന്ദ്, അഡി. എസ്.പി ബിജുരാജ്, നോര്‍ക്ക റൂട്‌സ് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സി. ഓഫീസര്‍ എസ്. നവാസ്, ജില്ലാ പ്രവാസി പരിഹാര സമിതി കണ്‍വീനര്‍ വി.കെ മുരളി എന്നിവര്‍ സംസാരിച്ചു. കേരള പ്രവാസി സംഘം, പ്രവാസി ഫെഡറേഷന്‍, പ്രവാസി ലീഗ്, പ്രവാസി കോണ്‍ഗ്രസ്, ഗള്‍ഫ് മലയാളി കോ-ഓഡിനേഷന്‍ കമ്മിറ്റി, ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സമിതിയുടെ മുന്നില്‍ അവതരിപ്പിച്ചു.

📣 കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ഗസ്റ്റ് ലക്ചര്‍

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം. ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 21ന് രാവിലെ 11ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന എല്ലാ രേഖകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ :9496602954.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal