ഫറോക്ക് ● രാമനാട്ടുകര ഗവ.യുപി സ്കൂളിനു സമീപം പട്ടാപ്പകൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 9.75 പവൻ കവർന്നു. പരിയാപുരത്ത് നന്ദനത്തിൽ പട്ടയിൽ സജേഷിന്റെ വീട്ടിലാണ് ഇന്നലെ പകൽ മോഷണം നടന്നത്. മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കൾ മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കൈക്കലാക്കിയത്. വീട്ടിലെ കിടപ്പു മുറികളിലെ അലമാരകൾ തുറന്നു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
തിരുവണ്ണൂർ കോട്ടൺ മില്ലിൽ ജീവനക്കാരനായ സജേഷും ഗവ.യുപി സ്കൂൾ അധ്യാപികയായ ഭാര്യ സുജയും രാവിലെ 9.15നാണ് വീട് അടച്ചു ജോലിക്കു പോയത്. സേവാമന്ദിരം സ്കൂൾ വിദ്യാർഥിയായ മകൾ ഉച്ചയ്ക്ക് ഒന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടു.
വിവരം സമീപത്തെ സ്കൂളിലുണ്ടായിരുന്ന അമ്മ സുജയെ അറിയിച്ചു. സുജ എത്തിയപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ചതായി കാണപ്പെട്ടത്. കള്ളൻ കയറിയതാണെന്നു മനസ്സിലായതോടെ ഫറോക്ക് പൊലീസിൽ അറിയിക്കുകയായിരുന്നു.
ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദിഖ്, ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, എസ്ഐമാരായ ആർ.എസ്.വിനയൻ, എസ്.അനൂപ്, ക്രൈം സ്ക്വാഡ് എസ്ഐ പി.സി.സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും പി.ശ്രീരാജിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു. നഗരപ്രദേശത്ത് അടച്ചിട്ട വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസും എസിപി ക്രൈം സ്ക്വാഡും വ്യാപക അന്വേഷണം തുടങ്ങി. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
إرسال تعليق