പാലത്തിങ്ങൽ ന്യൂകട്ട് ഒഴുക്കിൽപെട്ട കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ ദൗത്യം രണ്ടാം ദിനത്തിലേക്ക് കടന്നു; തിരച്ചിലിന് ദുരന്തനിവാരണ സേനയും

പരപ്പനങ്ങാടി ● കടലുണ്ടി പുഴയിൽ പാലത്തിങ്ങൽ ന്യൂകട്ട് ഭാഗത്ത്‌ ഒഴുക്കിൽപ്പെട്ട് കാണാതായ കൗമാരക്കാരനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജാണ് (17) അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ജൂറൈജിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. 
 ജുറൈജ് ഒഴുക്കിൽപ്പെട്ട് മുങ്ങി പോവുകയായിരുന്നുവേന്നാണ് വിവരം. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തോണിക്കാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. 

അതിനിടെ പുഴയിൽ കാണാതായ യുവാവും കൂടെയുള്ളവരും അപകടത്തിനു തൊട്ട് മുമ്പ് പുഴയിൽ കുളിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ശക്തമായ ഒഴുക്കുള്ള ന്യൂ കട്ട് പാറയിൽ ഭാഗത്ത് കുളിക്കാൻ ഇറങ്ങുന്നത് നാട്ടുകാർ പലതവണ വിലക്കിയിട്ടുണ്ടെങ്കിലും ആരും മുഖവിലക്കെടുക്കാറില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ ബൈക്ക് യാത്രികനായ മുഹമ്മദ് ഹാഷിർ എന്ന യുവാവ് മരിച്ചതിന്റെ നൊമ്പരം മാറും മുമ്പേയാണ് മറ്റൊരു അപകടം. ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal