കൊണ്ടോട്ടി ● കരിപ്പൂർ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ കേസില്‍ ഒരാളെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുവയല്‍ കായലം കണ്ണാച്ചോത്തു വീട്ടില്‍ അഫ്ലഹ് (29) ആണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ നേരത്തെ ഒഡീഷ നഗര്ബാനാപൂര് സ്വദേശികളായ അജിത്ത് ജാനി (30), ബിഗ്നേഷ് ഹയാല്‍ (32) എന്നിവര്‍ പിടിയിലായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.
രണ്ടുമാസം മുമ്പ് കരിപ്പൂരിനടുത്ത് കൊളത്തൂര്‍ ജങ്ഷനില്‍ ഡാന്‍സാഫ് ടീമാണ് മൂന്നുലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നത്. ഒഡീഷയില്‍നിന്ന് കഞ്ചാവെത്തിച്ച സംഘത്തിലെ കണ്ണിയാണ് ഇപ്പോള്‍ അറസ്റ്റിലായ അഫ്ലഹ്. പാലക്കാട് കഞ്ചിക്കോട്ട് തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.
2019ല്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കിലോഗ്രാം കഞ്ചാവുമായി മാവൂര്‍ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഇയാള്‍ വീണ്ടും ലഹരി വിൽപനയില് സജീവമാകുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരിക്കടത്ത് സംഘത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി സന്തോഷ്, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.
Post a Comment