കോളേജ് സ്‌പോര്‍ട്‌സ് ലീഗിന് നാളെ കാലിക്കറ്റ് സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ തുടക്കമാകും

തേഞ്ഞിപ്പലം ● സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ കോളേജ് സ്‌പോര്‍ട്‌സ് ലീഗ് (സി.എസ്.എല്‍.) കേരള 2025 ’ 18-ന് കാലിക്കറ്റ് സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള ' കിക്ക് ഡ്രഗ്‌സ് ' ക്യാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ പ്രൊഫഷണല്‍ ലീഗ് മാതൃകയില്‍ കോളേജുതല കായിക മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച 16 കോളേജുകള്‍ ഈ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ മാറ്റുരയ്ക്കും. 

സര്‍വകലാശാലാ സ്റ്റേഡിയത്തിലെ രണ്ട് കോര്‍ട്ടുകളിലായി നാളെ രാവിലെ ഏഴ് മണി മുതല്‍ മത്സരം നടക്കും. രാവിലെ ഒമ്പത്, 11, ഉച്ചക്ക് രണ്ട് മണി സമയത്തും മത്സരങ്ങളുണ്ടാകും. വൈകീട്ട് അഞ്ച് മണിക്ക് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ സി.എസ്.എല്‍. ഉദ്ഘാടനം നിര്‍വഹിക്കും. കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., ഐ.എം. വിജയന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം അഡ്വ. എം.ബി. ഫൈസല്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ആഷിഖ്, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

ടീമുകളുടെയും ലോഗോ, ക്ലബ് നെയിം, ജേഴ്‌സി, ഫ്‌ളാഗ്, തീം സോങ് എന്നിവയുടെ പ്രകാശനം സര്‍വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.വൈകിട്ട് നാലു മണിക്ക് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. വാര്‍ത്താ സമ്മേളനത്തില്‍ സര്‍വകലാശാലാ കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. കെ. അജയകുമാര്‍, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം. സുധീര്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.

ആദ്യദിനത്തിലെ മത്സരങ്ങൾ (ജൂലൈ 18)

രാവിലെ ഏഴ് മണിക്ക്: 
എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി - എസ്.എൻ. കോളേജ് കണ്ണൂർ, മഹാരാജാസ് കോളേജ് എറണാകുളം - ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ. 
രാവിലെ ഒൻപത് മണിക്ക്: 
സെൻ്റ് സേവ്യർ കോളേജ് തുമ്പ - നിർമല കോളേജ് മൂവാറ്റുപുഴ, കുസാറ്റ് - എൽ.എൻ.സി.പി.ഇ. തിരുവനന്തപുരം. 
രാവിലെ 11 മണിക്ക്: 
ഗുരുവായൂരപ്പൻ കോളേജ് - കാലടി സംസ്‌കൃത സർവകലാശാല, എം.എ കോളേജ് കോതമംഗലം - ശ്രീ കേരളവർമ്മ കോളേജ് തൃശ്ശൂർ. 
ഉച്ചക്ക് രണ്ടു മണിക്ക്: 
യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം - ബസേലിയസ് കോളേജ് കോട്ടയം, പയ്യന്നൂർ കോളേജ് - എസ്. എൻ. കോളേജ് കൊല്ലം. 
ഫോട്ടോ : കോളേജ് സ്‌പോര്‍ട്‌സ് ലീഗ് (സി.എസ്.എല്‍.) കേരള 2025 ലോഗോ

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal