തേഞ്ഞിപ്പലം ● ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ചേളാരിയിൽ പുതുതായി സ്ഥാപിച്ച ലൈറ്റുകളിൽ ചിലത് വാഹനയാത്രക്കാർക്ക് ഗുരുതരമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ചേളാരിയിൽ നിന്ന് ആലുങ്ങൽ ഭാഗത്തേക്ക് പോകുമ്പോൾ എയിംസ് സ്കൂളിന് സമീപമുള്ള എൽ.ഇ.ഡി ലൈറ്റുകൾ നേരിട്ട് ഡ്രൈവർമാരുടെ കണ്ണിലേക്ക് എത്തുന്നതായാണ് യാത്രക്കാർ പറയുന്നത്.
രാത്രികാലങ്ങളിൽ ലൈറ്റുകളുടെ അതിവെളിച്ചം കാരണം എതിർദിശയിൽ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാൻ കഴിയാതെ കാഴ്ച തടസ്സപ്പെടുകയും അപകടസാധ്യത വർധിക്കുകയുമാണെന്നാണ് ഡ്രൈവർമാരുടെ ആശങ്ക. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ലൈറ്റുകൾ സ്ഥാപിച്ചതാണ് പ്രശ്നത്തിന് കാരണമെന്നു ഡ്രൈവർമാർ ആരോപിക്കുന്നു. വിഷയം അടിയന്തിരമായി പരിഗണിച്ച് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് പഞ്ചായത്ത് അധികൃതരോട് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
Post a Comment