ഉംറക്ക് പോകാൻ അറബിയുടെ കയ്യിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ്; വീട്ടമ്മയിൽ നിന്നും 3.75 പവൻ കവർന്നു, പ്രതി പിടിയിൽ

മഞ്ചേരി ● ഉംറ നിർവഹിക്കാൻ അറബിയിൽനിന്ന് സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി അസൈനാർ (66) ആണ് പിടിയിലായത്.
പുത്തൂർ പള്ളിക്കൽ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ അഞ്ചാം തീയതി ഉച്ചക്കാണ് സംഭവം. അറബിയെ പരിചയപ്പെടുത്തിത്തരാമെന്നും സാമ്പത്തിക സഹായം വാങ്ങിത്തരാമെന്നും പറഞ്ഞ് അസൈനാർ വീട്ടമ്മയെ മഞ്ചേരി രാജീവ് ഗാന്ധി ബൈപ്പാസിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഹോട്ടലിലെ മുറിയിൽ അറബിയുണ്ടെന്നും, ആഭരണങ്ങൾ ധരിച്ച് ചെന്നാൽ അദ്ദേഹം സഹായിക്കില്ലെന്നും പറഞ്ഞ് ഇയാൾ വീട്ടമ്മയുടെ 3.75 പവൻ സ്വർണമാലയും മോതിരവും ബാഗിൽ വെപ്പിച്ചു.
തുടർന്ന് ഇരുവരും ഹോട്ടലിൽ നിന്ന് ചായ കുടിക്കുന്നതിനിടെ, വീട്ടമ്മ പാർസൽ വാങ്ങാൻ പോയ തക്കംനോക്കി ബാഗിൽ നിന്ന് ആഭരണങ്ങൾ കവർന്ന് അസൈനാർ കടന്നുകളയുകയായിരുന്നു. 

മലപ്പുറം എടപ്പറ്റ കണ്ടൻചോല നിസാ മൻസിൽ എന്ന വിലാസത്തിലുള്ള തിരിച്ചറിയൽ രേഖയും പ്രതിയിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാസർഗോഡ്, കോഴിക്കോട് പോലീസ് സ്റ്റേഷനുകളിലായി എട്ടോളം സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal