അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനും മരിച്ചു. ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി മണ്ണാറക്കൽ ഷാജിയാണ് (51) മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി. ഓഗസ്റ്റ് ഒമ്പതിനാണ് ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ഒന്നാം വാർഡിന്റെ എമർജൻസി ഐ സി യു വിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ ചികിത്സ നടത്തി. ആദ്യത്തെ രണ്ടു ദിവസം സാധാരണ വാർഡിലായിരുന്നു കിടത്തിയിരുന്നത്. അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് നടത്തി രോഗം നിർണയിച്ചതിനുശേഷമാണ് ഷാജിയെ ഐ.സി.യു.വിലേക്ക് മാറ്റിയത്.
ആദ്യത്തെ രണ്ട് ദിവസം
മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. തുടർന്ന് ചെറിയ തോതിൽ പ്രതികരിച്ചു വരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ സ്കാനിംഗ് റിസൽട്ടിൽ തലച്ചോറിന്റെ പല ഭാഗങ്ങളിൽ രക്തം കട്ടപിടിച്ചു നിൽക്കുന്നത് കണ്ടെത്തിയിരുന്നു. ഇത് തുടർ ചികിത്സയ്ക്ക് പ്രതിസന്ധി ഉണ്ടാക്കി എന്നാണ് കരുതുന്നത്. ഇതിനു പുറമെ കരൾ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി പറയുന്നു.
ഷാജിക്ക് മൂന്ന് മണിക്കൂർ ഇടവിട്ട് ദ്രാവക രൂപത്തിലുള്ള ഭക്ഷണ പദാർത്ഥമാണ് നൽകിയിരുന്നത്. പ്രോട്ടീൻ പൗഡർ, കോഴിമുട്ടയുടെ വെള്ള, അനാർ ജ്യൂസ്, കഞ്ഞിവെള്ളം തുടങ്ങിയവയായിരുന്നു ഇടവിട്ട് റ്റ്യൂബ് വഴി നൽകിയിരുന്നത്. ബന്ധുക്കളെ രോഗിക്ക് സമീപം നിർത്തിയിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു വാഹനാപകടത്തിൽ ഷാജിയുടെ തലക്ക് ഗുരുതരമായ പരിക്ക് ഉണ്ടായിരുന്നു. ഇതു വഴി ആയിരിക്കും അണുബാധയുണ്ടായത് എന്നാണ് വിദഗ്ധ നിഗമനം.
വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. എന്നാൽ ഷാജിയുടെ രോഗത്തിൻ്റ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരോഗ്യ വകുപ്പ് ചാലിപ്പറമ്പ് പ്രദേശങ്ങളിൽ സാംപിൾ കലക്ഷനും ബോധവൽക്കരണവും നടത്തിയിരുന്നു. ചേലേമ്പ്ര പള്ളിക്കുളത്തിലെ വെള്ളം ഏറ്റവും ശുദ്ധമാണന്നും സാംപിൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Post a Comment