ഓപ്പറേഷന്‍ നുംകൂര്‍; പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധ. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. 

ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്.
          
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. സംസ്ഥാനത്തെ വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 8 തരം കാറുകളാണ് നികുതിവെട്ടിച്ച്  ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. 

ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ ആദ്യം ഹിമാചലിൽ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നത് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു.
   

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal