ചേളാരി • വെളിമുക്കിൽ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റു. സ്കൂളിൽ കലോത്സവം നടക്കുന്നതിനിടെയാണ് സംഭവം. വിദ്യാർത്ഥിയുടെ ശ്വാസകോശത്തിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ മാസം 24-നാണ് സംഭവം നടന്നത്. മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടിയുടെ വായിൽ നിന്ന് രക്തം വരാൻ തുടങ്ങിയിട്ടും സ്‌കൂൾ അധികൃതർ ഗുരുതരമായ അനാസ്ഥ കാണിച്ചതായി പിതാവ് പറഞ്ഞു.
മർദ്ദനമേറ്റ വിവരം കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. എന്നാൽ, കുട്ടിയെ ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാനോ, രക്ഷിതാക്കളെ വിവരം അറിയിക്കാനോ സ്‌കൂൾ അധികൃതർ തയ്യാറായില്ല.
പരിക്കേറ്റ കുട്ടിയെ പിന്നീട് രക്ഷിതാക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വിദഗ്ദ്ധ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിനകത്ത് മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയെ തുടർന്ന് രണ്ടാഴ്ചയായി കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഐ.സി.യുവിൽ വരെ കയറ്റി ചികിത്സ നൽകേണ്ടി വന്നതായി പിതാവ്.
സംഭവത്തിൽ, സ്‌കൂൾ അധികൃതരുടെ അനാസ്ഥക്കെതിരെ പിതാവ് പോലീസ്, വിദ്യാഭ്യാസ വകുപ്പ്, ചൈൽഡ് ലൈൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
Post a Comment