മലപ്പുറം • കൊണ്ടോട്ടിയിൽ കനത്ത കാറ്റും മഴയും തുടരുന്നതിനിടെ കെട്ടിട നിർമാണ തൊഴിലാളികളായ രണ്ടു പേർക്ക് മിന്നലേറ്റ് പരിക്ക്. കൊണ്ടോട്ടി എക്കാപ്പറമ്പിൽ ഒഴുകൂർ റോഡിൽ കിഴിശ്ശേരി ചക്കുംകുളം സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് കെട്ടിട നിർമ്മാണ ജോലികൾക്കിടെ മിന്നലേറ്റത്.ഇതിൽ സിറാജുദ്ദീന്റെ നില ഗുരുതരമായതിനാൽ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അബ്ദുൾ റഫീഖിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം ജില്ലക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന്കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 17 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) മുന്നറിയിപ്പ് നൽകി. മഴയും ഇടിമിന്നലും ശക്തമായ സാഹചര്യത്തിൽ, ഇലക്ട്രിക് ജോലികളിലും തുറന്ന സ്ഥലങ്ങളിലുമുള്ള ജോലികളിലും ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Post a Comment