ഓൺലൈൻ ജോലികൾ എന്ന മോഹനവാഗ്ദാനം; തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത വേണം; അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി പൊലീസ്

ഓൺലൈൻ ജോലി തട്ടിപ്പുകൾ ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ കെണിയിൽ വീഴാതെ നോക്കാൻ ജാഗ്രത നിർദേശവുമായി കേരള പോലീസ്. 'ജോലി വേണോ ജോലി' എന്ന തലക്കെട്ടോടെ കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തട്ടിപ്പിനെതിരെയുള്ള ജാഗ്രതാ നിർദേശം നൽകിയത്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നതെന്നും കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധന‌നഷ്ടവും സമയനഷ്ടവുണ്ടാകുമെന്നും കുറിപ്പിലുണ്ട്.
രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകൾക്ക് തയ്യാറാകരുതെന്നും ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനാണെന്നും കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ജോലി വേണോ ജോലി ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം നഷ്ടപെടുന്നുണ്ട്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എപ്പോഴും ജാഗ്രത കൂടിയേ തീരൂ. ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധന‌നഷ്ടവും സമയനഷ്ടവുമാകും ഫലം.
വളരെ പെട്ടെന്നു കൂടുതൽ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ ഓൺലൈൻ ലോകത്തുണ്ട്. മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണാൽ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച് വലിയ നഷ്ടമുണ്ടാകാനാണു സാധ്യത.രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് ‘വേണ്ട’ എന്നു തന്നെ പറയണം. ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. വെബ്സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ, വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണം.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal