കൊണ്ടോട്ടി ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. കരുവാരക്കുണ്ട് സ്വദേശി സദ്ദാം ആണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 24കാരിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ആദ്യവാരം വരെയായിരുന്നു പീഡനശ്രമം നടന്നത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടിയാണ് പരാതി നൽകിയത്. ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവാണെന്നും മോട്ടിവേഷൻ സ്പീക്കറാണെന്നും പറഞ്ഞാണ് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി ബന്ധപ്പെടുന്നത് ആരംഭിച്ചത്.
വിവാഹ വാഗ്ദാനങ്ങൾ നൽകി കുടുംബത്തെപ്പറ്റിയും തെറ്റിദ്ധരിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിയെ പുറത്തേക്ക് വിളിച്ചു പീഡിപ്പിക്കാനുള്ള ശ്രമവും നടന്നതായി പറയപ്പെടുന്നു. സദ്ദാമിന്റെ പെരുമാറ്റത്തിൽ ആശങ്കയുണ്ടായ പെൺകുട്ടി സംഭവം വീട്ടുകാരോട് തുറന്നുപറഞ്ഞതോടെയാണ് പൊലീസ് ഇടപെടൽ ആരംഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒക്ടോബർ 7-ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post a Comment