പെരുവള്ളൂർ ● അയർലണ്ടിലെ പ്രശസ്തമായ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ കെമിക്കൽ സയൻസസ് വിഭാഗത്തിൽ സ്കോളർഷിപ്പോടെ പി എച്ച് ഡി പഠനത്തിനായി പ്രവേശനം നേടി പെരുവള്ളൂർ സ്വദേശി മുസ്‌ഫിർ അമീൻ. പെരുവള്ളൂർ കൊല്ലംചിന ചുള്ളിയാലപ്പുറത്തെ അധ്യാപക ദമ്പതികളായ കൊക്കപ്പറമ്പൻ അബ്ദുറഹ്മാന്റെയും ഷമീലത്തിന്റെയും മകനാണ്. നാല് വർഷത്തേക്ക് ഏകദേശം ഒന്നേകാൽ കോടി രൂപയാണ് (1.27 cr) മുസ്‌ഫിർ അമീന് സ്കോളർഷിപ്പായി ലഭിക്കുക. അയർലണ്ടിന്റെ പരിസ്ഥിതി സംരക്ഷണ വിഭാഗം, റിഡിസ്കവറി സെന്റർ, ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായി നടത്തുന്ന 'റിപെയിന്റ്' എന്ന ഗവേഷണപദ്ധതിയുടെ ഭാഗമായാണ് മുസ്‌ഫിർ അമീന്റെ ഗവേഷണം.
അയർലണ്ടിൽ പുനരുപയോഗ പെയിന്റുകൾ ശാസ്ത്രീയമായി വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദമായ സർക്കുലർ എക്കണോമി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ വലിയ പദ്ധതിയുടെ ഭാഗമായി പുനരുപയോഗ പെയിന്റുകളുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി ഭൗതിക-രാസ സ്ക്രീനിംഗ് രീതികൾ വികസിപ്പിക്കുകയും അവ വിലയിരുത്തുകയും ചെയ്യുക എന്നതാണ് മുസ്‌ഫിറിന്റെ പിഎച്ച്ഡി ഗവേഷണത്തിന്റെ പ്രധാന കർത്തവ്യം. ഇതിലൂടെ പുനരുപയോഗ പെയിന്റുകളുടെ ഗുണമേന്മ ഉറപ്പാക്കാനും ഉപയോഗശൂന്യമായവയിൽ നിന്ന് പോളിമറുകൾ വീണ്ടെടുക്കാനും ആവശ്യമായ നൂതനമായ ശാസ്ത്രീയ മാർഗ്ഗങ്ങൾ വികസിപ്പിക്കാൻ സാധിക്കും.
ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ പഞ്ചാബിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) മൊഹാലിയിൽ നിന്ന് ഇന്റഗ്രേറ്റഡ് ബി എസ് എം എസ് ബിരുദം പൂർത്തിയാക്കിയ മുസ്‌ഫിർ, അതിനുശേഷം രാജ്യത്തെ പ്രമുഖ സമുദ്ര പഠന ഗവേഷണ സ്ഥാപനമായ സി എസ് ഐ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി ഗോവയിൽ പ്രോജക്റ്റ് അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഏക സഹോദരി ഹിബ ഹനാൻ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
Post a Comment