ഫുഡ് ഫാക്ടറി തീപിടിത്തം: മനഃപൂർവം തീവെച്ചതെന്ന് കണ്ടെത്തൽ, 15 ലക്ഷം രൂപയുടെ നാശനഷ്ടം; പ്രതി ഒളിവില്‍

മലപ്പുറം ‣ വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തം മനഃപൂർവം ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. കണ്ണമംഗലം സ്വദേശിയായ ദേവരാജാണ് ഫാക്ടറിക്ക് തീവെച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രതി വാതിൽ തകർത്ത് അകത്തുകയറുന്നതിന്റെയും ഓഫീസിലെ സാധന സാമഗ്രികൾ നശിപ്പിച്ച ശേഷം തീയിടുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ​കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കണ്ണമംഗലത്തെ ഫുഡ് ഫാക്ടറിയിൽ തീപിടിത്തം ഉണ്ടായത്. 

ഫാക്ടറിയിലെ ജീവനക്കാർ ജോലി കഴിഞ്ഞ് പോയ ശേഷമാണ് ഇയാൾ ബൈക്കിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നത്. ഏകദേശം ഒരു മണിക്കൂറോളം പ്രതി ഓഫീസിനുള്ളിൽ ചെലവഴിച്ചു. ഇയാൾ കമ്പ്യൂട്ടറുകൾ, മോണിറ്ററുകൾ, അലമാരകൾ, സോഫകൾ തുടങ്ങിയവ തകർക്കുകയും തള്ളിയിടുകയും ചെയ്തു. തീവെച്ചതിനെ തുടർന്ന് ഓഫീസ് പൂർണ്ണമായി നശിച്ചു. സംഭവത്തിൽ ക്വാളിറ്റി ചെക്കിങ്ങിനായുള്ള ലാബിലെ മെഷിനറികളും കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 

പാസ്ത, മക്രോണി പോലെയുള്ള പാസ് ഫുഡ് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന, നാല് യുവസംരംഭകർ ചേർന്ന് സ്ഥാപിച്ച കമ്പനിയാണിത്. ഈ മാസം 20-ന് ഉദ്ഘാടനം നടത്താനിരിക്കെയാണ് ഈ അക്രമം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമായി പതിഞ്ഞതോടെ പോലീസ് ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയായ കണ്ണമംഗലം സ്വദേശി ദേവരാജ് നിലവിൽ ഒളിവിലാണ്. ഇയാൾക്ക് ഉടമസ്ഥനോട് വ്യക്തിപരമായ വൈരാഗ്യമുണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal