തിരുവനന്തപുരം ‣ പ്രശസ്ത കവിയും സാഹിത്യ നിരൂപകനുമായ കെ.ജി. ശങ്കര പിള്ളയ്ക്ക് കേരള സർക്കാരിന്റെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ജേതാവിന് പ്രഖ്യാപിച്ചത്. കേരള സാഹിത്യ അക്കാദമി നൽകുന്ന സംസ്ഥാനത്തെ പരമോന്നത സാഹിത്യ ബഹുമതിയാണിത്. അഞ്ച് ലക്ഷം രൂപ, സമ്മാനപത്രം, ശില്പം എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
എൻ.എസ്. മാധവൻ (ചെയർമാൻ), കെ.ആർ. മീര, ഡോ. കെ.എം. അനിൽ, പ്രൊഫ. സി.പി. അബൂബക്കർ (മെംബർ സെക്രട്ടറി) എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച ശങ്കര പിള്ളയുടെ 1970-ൽ പ്രസിദ്ധീകരിച്ച ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് പ്രശസ്തി നേടിയത്. മഹാരാജാസ് കോളേജ്, എറണാകുളം പ്രിൻസിപ്പലായും മറ്റു വിവിധ കോളേജുകളിൽ മലയാള വിഭാഗത്തിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1998-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്. 2019ൽ കേരള സാഹിത്യ അക്കാദമി അംഗവുമായിട്ടുണ്ട്.

Post a Comment