മലപ്പുറം ‣ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അധികാരത്തിന്റെ വാതിൽപ്പടിയിൽ തന്നെ മറന്നുപോകുന്ന കാലത്ത്, വാക്കിന് വില കൽപ്പിക്കുന്ന ഒരു രാഷ്ട്രീയ ഇടപെടലാണ് മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നുയർന്ന് വരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച നല്ലേങ്ങര ഇബ്രാഹിം, വോട്ടർമാരോട് പറഞ്ഞ വാക്ക് അക്ഷരംപ്രതി പാലിച്ച് രാഷ്ട്രീയത്തിൽ അപൂർവമായ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ “ജയിച്ചാൽ ആപ്പിളുമായി നിങ്ങളുടെ വീടുകളിൽ എത്താം” എന്ന ഇബ്രാഹിമിന്റെ വാക്കുകൾ പലരും ലഘുവായി എടുത്തിരുന്നു. എന്നാൽ വിജയം ഉറപ്പായതോടെ, തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ആപ്പിളുമായി’ തന്നെ വാർഡിലെ ഏകദേശം നാനൂറോളം വീടുകളിൽ ഇബ്രാഹിം എത്തി നന്ദി അറിയിച്ചതോടെ, ആ വാക്കുകൾ രാഷ്ട്രീയ തമാശയല്ല, രാഷ്ട്രീയ പ്രതിജ്ഞയായിരുന്നു എന്ന് തെളിഞ്ഞു.
മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന ഇബ്രാഹിം, സീറ്റ് വിഭജനത്തിൽ ഉണ്ടായ അതൃപ്തിയെ തുടർന്ന് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനായി രംഗത്തിറങ്ങുകയായിരുന്നു. ‘ആപ്പിള്‍’ ചിഹ്നത്തിൽ മത്സരിച്ച അദ്ദേഹം 237 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ശ്രദ്ധേയമായ വിജയം സ്വന്തമാക്കി.
പടക്കവും ആഹ്ലാദപ്രകടനങ്ങളും നടത്തി പണം ധൂർത്തടിക്കുന്നതിനു പകരം, ജനങ്ങൾക്ക് ചെറിയെങ്കിലും ഉപകാരപ്രദമായ സന്തോഷം നൽകാനായതിലാണ് തനിക്ക് സംതൃപ്തിയെന്ന് ഇബ്രാഹിം പറയുന്നു.
"ആഘോഷങ്ങൾക്കായി പണം പാഴാക്കുന്നതിന് പകരം, വോട്ടർമാർക്ക് നേരിട്ട് സന്തോഷം നൽകാനാണ് ഞാൻ ശ്രമിച്ചത്"- ഇബ്രാഹിം പ്രതികരിച്ചു.
ഇബ്രാഹിം വാക്ക് പാലിച്ചതോടെ വോട്ടർമാരും ആവേശത്തിലാണ്. എന്നാൽ ഈ സന്തോഷത്തിനിടയിലും, വാർഡിൽ ഒരു രസകരമായ പരിഭവം നിറയുന്നു.
"തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നമായി നൽകിയത് മൊബൈൽ ഫോണോ, ടെലിവിഷനോ ആയിരുന്നെങ്കിൽ എത്ര നന്നായേനെ!" എന്നതാണ് ചിരിയോടെ അവർ പങ്കുവയ്ക്കുന്ന തമാശ.
ജനാധിപത്യത്തിൽ വലിയ വാഗ്ദാനങ്ങളേക്കാൾ ചെറുതെങ്കിലും പാലിക്കപ്പെടുന്ന വാക്കുകൾക്കാണ് കൂടുതൽ വില. നല്ലേങ്ങര ഇബ്രാഹിം ചെയ്തതൊരു ‘ആപ്പിള്‍ വിതരണം’ മാത്രമല്ല; രാഷ്ട്രീയത്തിൽ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ഒരു ചെറു ശ്രമമാണ്. അധികാരത്തിന്റെ അഹങ്കാരമല്ല, വാക്കിന്റെ ഭാരം മനസ്സിലാക്കുന്ന രാഷ്ട്രീയമാണ് ജനങ്ങൾക്ക് വേണ്ടത്, ആ രാഷ്ട്രീയം ഇന്നിവിടെ, ഒരു ആപ്പിളിന്റെ ലാളിത്യത്തിൽ തെളിഞ്ഞു.
Post a Comment