മലപ്പുറം ‣ മലപ്പുറത്ത് പ്രതിപക്ഷം ഇല്ലാതെ ഭരിക്കാൻ യുഡിഎഫ്. മലപ്പുറം ജില്ലാ പഞ്ചായത്തിലും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് മാത്രം ഭരിക്കും. തങ്ങളുടെ സ്വാധീനമേഖലകൾ എല്ലാം കൈപ്പിടിയിൽ ഒതുക്കിയാണ് മുസ്‍ലിം ലീഗ് മലപ്പുറത്ത് മുന്നേറ്റം നടത്തിയത്. മുസ്‍ലിം ലീഗ് നേതൃത്വം നൽകുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഇത്തവണ പ്രതിപക്ഷമില്ലാതെ യുഡിഎഫ് ഭരിക്കും. 33 സീറ്റിൽ 33 ഉം നേടി സമാനതകളില്ലാത്ത ചരിത്ര വിജയമാണ് യുഡിഎഫ് നേടിയത്. ഇതോടെ മുസ്‌ലിം ലീഗും നിറഞ്ഞ ആത്മ വിശ്വാസത്തിലാണ്.
30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭയും വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂർ നഗരസഭയും പിടിച്ചെടുത്തു. മുസ്‌ലിം ലീഗിന് ഒരു സീറ്റ് പോലും ഇല്ലാതിരുന്ന നിലമ്പൂർ നഗരസഭയിൽ ഏഴ് സീറ്റ് നേടി. പൊന്നാനി നഗരസഭയിൽ മാത്രമാണ് സിപിഎമ്മിന് ആശ്വാസമുള്ളത് 12ൽ 11 ഉം നഗരസഭ യുഡിഎഫ് നേടി. ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന്റെ സർവാധിപത്യം.15 ൽ 14 ഉം യുഡിഎഫിന് ലഭിച്ചു.ഇതിന് പുറമെ തിരൂരും പെരുമ്പടപ്പും പിടിച്ചെടുത്തു. 94 പഞ്ചായത്തുകളിൽ 90 ഉം യുഡിഎഫ് തൂത്തുവാരി. കേവലം മൂന്ന് പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫിനുള്ളത്.
പൊന്മുണ്ടo പഞ്ചായത്തിൽ കോൺഗ്രസ് സിപിഎം ജനകീയ മുന്നണി സഖ്യം വിജയിച്ചു. പൊൻമുണ്ടത്ത് മാത്രമാണ് യുഡിഎഫ് സംവിധാനം ഇല്ലാതിരുന്നത്. ജില്ലയിൽ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടു പോയത്.ജില്ലയിൽ മുസ്‍ലിം ലീഗിന്റെ മികച്ച പ്രകടനം യുഡിഎഫിന്റെ ഈ വിജയത്തിൽ വലിയ പങ്കാണ് വഹിച്ചത്.
Post a Comment