മലപ്പുറം തദ്ദേശ തെരഞ്ഞെടുപ്പിലെ വൻവിജയം അഹങ്കാരത്തിനുള്ള ലൈസൻസല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പ് ജയിക്കുന്നത് ഓട്ടമത്സരം ജയിക്കുന്നതുപോലെയല്ല; ഇവിടെ ജയിക്കുന്നത് സ്ഥാനാർഥികൾ അല്ല, ജനങ്ങൾ തന്നെയാണ് ജയിപ്പിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. “ജയിച്ചെന്ന അഹങ്കാരം മനസിൽ കയറിയാൽ അപ്പോഴേക്കും നിർത്തി പോകുന്നതാണ് നല്ലത്” എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. മലപ്പുറം ജില്ലയിൽ വിജയിച്ച അംഗങ്ങൾക്കായി സംഘടിപ്പിച്ച വിജയാരവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാദിഖ് അലി തങ്ങൾ.
കേരളത്തിൽ ഭരണത്തിലിരിക്കുന്ന സർക്കാർ കേന്ദ്ര നയങ്ങൾ മറ്റൊരു രൂപത്തിൽ നടപ്പാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അതിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ ‘ഗോൾ’ തന്നെയാണ് യുഡിഎഫിന് ലഭിച്ച ഈ വിജയമെന്നും ലീഗ് അധ്യക്ഷൻ വ്യക്തമാക്കി. “ജനങ്ങളെ നിലയ്ക്ക് നിർത്തണമെന്ന ചിന്ത ജനപ്രതിനിധികൾക്കുണ്ടാകരുത്. ജനങ്ങൾക്കായി നിലകൊള്ളാനുള്ള തയ്യാറെടുപ്പാണ് വേണ്ടത്. പ്രതിപക്ഷമില്ലാത്തത് നേട്ടമായി കാണരുത്. പ്രതിപക്ഷം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്,” അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഔപചാരിക പ്രതിപക്ഷമില്ലെങ്കിലും പ്രതിപക്ഷ ശബ്ദങ്ങളെ മാനിക്കണമെന്ന് ആവശ്യപ്പെട്ട സാദിഖ് അലി തങ്ങൾ, ആറ് മാസം കൂടുമ്പോൾ വികസന സഭ വിളിച്ചു ചേർത്ത് പ്രതിപക്ഷ പാർട്ടികളെയും ക്ഷണിക്കണമെന്ന് നിർദേശിച്ചു. “അവർ പറയുന്നതും കേട്ട് മുന്നോട്ട് പോകണം. വിജയത്തിൽ മതിമറക്കരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു. വിജയാഘോഷങ്ങളുടെ ചില ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ അഹങ്കാരത്തിന്റെ സൂചനകൾ കാണാമെന്ന് പരാമർശിച്ച അദ്ദേഹം, ലീഗ് പ്രവർത്തകർ നല്ല വിദ്യാഭ്യാസവും രാഷ്ട്രീയ പക്വതയും പുലർത്തുന്നവരാണെന്നും ആ നിലവാരം എല്ലായിടത്തും നിലനിർത്തണമെന്നും ഓർമ്മിപ്പിച്ചു.
ഇതിനിടെ, തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടും ലീഗിന് ശക്തമായ സ്വാധീനമുള്ള മലപ്പുറത്ത് അത്തരമൊരു സാഹചര്യം ഉണ്ടാകാതിരുന്നത് പാർട്ടിക്ക് അഭിമാനകരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ലീഗിന് ലഭിച്ച ‘പൊൻതൂവൽ’ ആണെന്നും അദ്ദേഹം വിലയിരുത്തി. പെരിന്തൽമണ്ണയിലും താനാളൂരിലും നടന്ന അക്രമങ്ങൾക്ക് ഇടതുപക്ഷമാണ് ഉത്തരവാദികളെന്ന ആരോപണവും കുഞ്ഞാലിക്കുട്ടി ഉന്നയിച്ചു. കേരളം രാഷ്ട്രീയ മാറ്റത്തിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും ദുര്‍ഭരണത്തിനെതിരായ ശക്തമായ പ്രഹരമാണ് ജനങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment