തൃശ്ശൂർ ‣ യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബു (45) ആണ് മരിച്ചത്. മണലി പാലത്തിനു താഴെ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ഓടിക്കൊണ്ടിരുന്ന ബസ് പാതയോരത്തെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ട ശേഷം ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കണ്ടക്ടർ ഇടപെട്ട് മറ്റൊരു ബസിൽ കയറ്റിവിട്ടു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയിരുന്നു. സംഭവത്തെത്തുടർന്ന് പുതുക്കാട് പോലീസും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനിടെ മണലി പാലത്തിന് സമീപത്തുനിന്ന് ബാബുവിന്റെ മൊബൈൽ ഫോൺ ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ പാലത്തിന് താഴെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിന്റെ പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Post a Comment