മലപ്പുറം നിലമ്പൂരിൽ പുതിയ മുസ്‍ലിം പള്ളിക്ക് അനുമതി നിഷേധിച്ചതിൽ കേരള ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രിം കോടതി. നൂറ് മുസ്‍ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നത് എങ്ങനെയെന്ന് സുപ്രിംകോടതി ചോദിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ച് ആണ് നിർണായക നിരീക്ഷണം നടത്തിയത്.
കേരള ഹൈക്കോടതി വിധിക്ക് എതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം എന്ന സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി നോട്ടീസ് അയച്ചു. മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം നൽകിയ അപേക്ഷ മലപ്പുറം ജില്ലാ കലക്ടർ നിരസിച്ചിരുന്നു. കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്‍ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്.
ഈ നടപടിക്കെതിരേ സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കലക്ടറുടെ നിലപാട് ഹൈക്കോടതി ശരിവച്ചു. ഇതോടെയാണ് അപ്പീലുമായി സുപ്രിംകോടതിയിലെത്തിയത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ജെ ബി പർഡി വാല, അലോക് ആർദരേ എന്നിവരെ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിവിധി പരോക്ഷമായി വിമർശിച്ചത്.
നൂറു പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ ഹൈക്കോടതിക്ക് എങ്ങനെയാകും എന്ന് സുപ്രീംകോടതി ആരാഞ്ഞു. കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി, പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കരുത് എന്ന് നിർദേശിച്ചു. വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി ബി സുരേഷ് കുമാർ, അഭിഭാഷകൻ ജീ പ്രകാശ് എന്നിവർ ഹാജരായി
Post a Comment