രാമനാട്ടുകര : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ 10.83 ഗ്രാം എംഡിഎംഎയുമായി ചേലേമ്പ്ര പാറയിൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കാറിൽ ലഹരി വസ്തുക്കളുമായി പോകുന്നതിനിടെ അജ്മൽ (29) ആണ് പുല്ലിക്കടവിൽ വെച്ച് പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാരെ വാട്സാപ്പ് മുഖേന ബന്ധപ്പെട്ടാണ് അജ്മൽ വിൽപന നടത്തിയിരുന്നത്. നേരിട്ട് ലഹരി വസ്തുക്കളുമായി എത്താതെ ആദ്യം സ്ഥലത്തെത്തി ഉപഭോക്താവിനെ രഹസ്യമായി നിരീക്ഷിക്കുകയും വിവിധ സ്ഥലങ്ങൾ മാറിമാറി നിർദേശിച്ച് പൊലീസുമായോ മറ്റു ഏജൻസികളുമായോ ബന്ധമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കൈമാറുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പൊലീസ് ഏതാനും ദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പൊലീസ് വളഞ്ഞതായി സംശയം തോന്നിയ പ്രതി കാറിന്റെ ഡോർ തുറക്കാതെ വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും, സാഹസിക നീക്കത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. എസ്‌ഐമാരായ എ.കെ ഫിറോസ്, കെ മിഥുൻ, ഇ റിനീഷ്, സീനിയർ സിപിഒ കെ.പി അഷറഫ്, സിപിഒ പി സുകേഷ് എന്നിവരും ക്രൈം സ്ക്വാഡ് എഎസ്‌ഐ പി അരുൺ കുമാർ, സീനിയർ സിപിഒമാരായ ഐ.ടി വിനോദ്, അനുജ് വളയനാട്, സിപിഒമാരായ മനീഷ് പന്തീരാങ്കാവ്, പി സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം.
Post a Comment