ദേശീയപാതകൾ ഇരുട്ടിലാകുമോ; കെ.എസ്.ഇ.ബിയുടെ പുതിയ ഉത്തരവ് തിരിച്ചടിയാകുമെന്ന് ആശങ്ക

മലപ്പുറം സംസ്ഥാനത്തെ പുതിയ ആറുവരിപ്പാതകളിലെ തെരുവുവിളക്കുകൾക്ക് തിരിച്ചടിയായി കെ.എസ്.ഇ.ബി യുടെ പുതിയ ഉത്തരവ്. ദേശീയപാതയിലെ തെരുവുവിളക്കുകളെ വാണിജ്യ ഉപഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ നിലവിൽ അടയ്ക്കുന്ന വൈദ്യുതിബില്ലിന്റെ രണ്ടിരട്ടിയിലേറെ തുക നിർമാണക്കമ്പനികൾ നൽകേണ്ട സാഹചര്യമുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള തെരുവുവിളക്കുകൾക്കു മാത്രമാണ് സബ്സിഡിയോടുകൂടിയ വൈദ്യുതിനിരക്ക് അനുവദിക്കാനാകുകയെന്ന് കെ.എസ്.ഇ.ബിയുടെ താരിഫ് റെഗുലേറ്ററി അഫയേഴ്‌സ് സെല്ലിന്റെ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 

ഇതുവരെ അതേ സ്ലാബിൽ ഉൾപ്പെടുത്തി നൽകിയിരുന്ന കണക്ഷനുകളാണ് ഇപ്പോൾ വാണിജ്യ വിഭാഗത്തിലേക്ക് മാറ്റാൻ നിർദേശിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയായി തെരുവുവിളക്കുകൾ സ്ഥാപിച്ച കാസർകോട്, കോഴിക്കോട് ജില്ലകളിലെ ദേശീയപാത നിർമാണക്കമ്പനികൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതിബിൽ കഴിഞ്ഞ മാർച്ചുമുതൽ സർക്കാർ നേരിട്ട് അടയ്ക്കുന്ന സംവിധാനം നിലവിൽ വന്നതിനു പിന്നാലെയാണ് മാർച്ച് അവസാനത്തോടെ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.

രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയപാത ഭാഗത്ത് മാത്രം 44 കണക്ഷനുകളിലായി ഏകദേശം 1,600 തെരുവുവിളക്കുകളാണുള്ളത്. നിലവിൽ പ്രതിമാസം ഏകദേശം 17 ലക്ഷം രൂപയാണ് വൈദ്യുതിബിൽ. എന്നാൽ പുതിയ താരിഫ് നിലവിൽ വന്നാൽ ഇത് 60 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഭാരിച്ച സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി നിർമാണക്കമ്പനികൾ ദേശീയപാത അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. ദേശീയപാതയുടെ മറ്റ് ഭാഗങ്ങളിലെ നിർമാണം പൂർത്തിയാകുന്നതനുസരിച്ച് കൂടുതൽ കമ്പനികൾക്കും സമാന അറിയിപ്പ് ലഭിക്കുമെന്നാണ് സൂചന.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal