ഓപ്പറേഷൻ തണ്ടർ: കഞ്ചാവും മെത്താംഫിറ്റമിനുമായി സഹോദരങ്ങൾ അറസ്റ്റിൽ

പള്ളിക്കൽ | ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തിരൂരങ്ങാടി എക്സൈസും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവും മൂന്ന് ഗ്രാം മെത്താംഫിറ്റമിനുമായി സഹോദരങ്ങൾ അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി മമ്മദ് കോയ (67)യെ 250 ഗ്രാം കഞ്ചാവുമായും സഹോദരനായ ഷാഹുൽ ഹമീദ് (55)നെ മൂന്ന് ഗ്രാം മെത്താംഫിറ്റമിനുമായുമാണ് പിടികൂടിയത്.

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മണക്കാട് ശിവക്ഷേത്രത്തിന് സമീപം നടത്തിയ പരിശോധനയിലാണ് മമ്മദ് കോയ പിടിയിലായത്. ഷാഹുൽ ഹമീദിനെ മണക്കാട് മാവിൻചോട് റോഡിലെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്. മമ്മദ് കോയ കഞ്ചാവ് വിൽപ്പന കേസിൽ 10 വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയതാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എംഡിഎംഎ കൈവശംവെച്ച കേസിൽ ഫറോക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയിൽ മോചിതനായിട്ട് മൂന്നാഴ്ച മാത്രമായിരുന്നു.

മെത്താംഫിറ്റമിൻ വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 1,91,080 രൂപ, രണ്ട് ഇലക്ട്രോണിക് ത്രാസുകൾ, മയക്കുമരുന്ന് പാക്കറ്റുകളാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തു. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരായ അരവിന്ദൻ, മിനു രാജ്,എ ജയകൃഷ്ണൻ,കെ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ, മായാദേവി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal