പെരുവള്ളൂർ | ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വാട്ടർ ടാങ്ക് നിർമ്മാണം പറമ്പിൽ പീടികയിൽ ആരംഭിച്ചു. പറമ്പിൽ പീടിക മാംസ മാർക്കറ്റിന് സമീപമുള്ള ഹെൽത്ത് സബ് സെന്റർ വളപ്പിലാണ് 11 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്ക് ഉയരുന്നത്. ഭൂമി സംബന്ധമായ തർക്കങ്ങളെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ടിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ കഴിഞ്ഞമാസം തഹസിൽദാർ നേരിട്ടെത്തി അതിർത്തി അളന്ന് തിട്ടപ്പെടുത്തിയതോടെയാണ് പണികൾ പുനരാരംഭിക്കാനായത്. പഞ്ചായത്തിലാകെ ശുദ്ധജലമെത്തിക്കാൻ 52 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായുള്ള രണ്ടു വാട്ടർ ടാങ്കുകളിൽ ഒന്നിന്റെ നിർമ്മാണം കുന്നത്ത് പറമ്പിൽ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്.
ചേളാരി സംഭരണിയിൽ നിന്ന് വിളക്കത്രമാട് വഴി പറമ്പിൽപീടിക, കുന്നത്തുപറമ്പ് സംഭരണികളിൽ വെള്ളമെത്തിക്കാൻ ദേശീയപാതയിലെ പാറക്കടവ്-ചേളാരി ഭാഗത്തെ ഭൂഗർഭ പൈപ്പിടൽ പൂർത്തിയായി. നിലവിൽ 90 കിലോമീറ്റർ ഡിസ്ട്രിബ്യൂഷൻ ലൈനിന്റെയും പൊതുമരാമത്ത് റോഡിലെ 5 കിലോമീറ്റർ പമ്പിങ് ലൈനിന്റെയും പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഭാവിയിൽ ചേളാരി സംഭരണിയും ശുദ്ധീകരണശാലയും പെരുവള്ളൂരിനായി മാത്രമായി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്.
ജലനിധി ഉൾപ്പെടെയുള്ള മുൻകാല പദ്ധതികൾ ഭാഗികമായി മാത്രം വിജയിച്ച പ്രദേശത്ത്, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും ഉപഭോക്താക്കളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ വലിയ പ്രതീക്ഷയിലാണ് ഗ്രാമവാസികൾ. ആകെ ലക്ഷ്യമിട്ട 7,200 കണക്ഷനുകളിൽ ആയിരത്തോളം വീടുകളിൽ നിലവിൽ മീറ്റർ ഘടിപ്പിച്ചുകഴിഞ്ഞു. പറമ്പിൽ പീടികയിലെ ടാങ്ക് നിർമ്മാണം കൂടി യാഥാർത്ഥ്യമാകുന്നതോടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുടിവെള്ള സ്വപ്നം വൈകാതെ സഫലമാകുമെന്ന ആശ്വാസത്തിലാണ് നാട്.
إرسال تعليق