പള്ളിക്കൽ | കോഴിപ്പുറം മഹല്ല് പരിധിയിലെ ഇല്ലിക്കൽ നുസ്‌റത്തുൽ ഇസ് ലാം മദ്‌റസയിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ച മദ്‌റസയുടെ ഓഫീസ് റൂം തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ മദ്‌റസ സെക്രട്ടറി തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയിരുന്നു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കുറവ് കാരണം പരാതി നൽകി മൂന്നാമത്തെ ദിവസമാണ് പോലീസ് എത്തിയതെങ്കിലും മോഷ്ടാവിനെ കണ്ടെത്താനുള്ള ശക്തമായ ശ്രമം നടത്തുമെന്ന് പൊലിസ് പറഞ്ഞു.
ഓഫീസ് റൂമിനകത്തെ അലമാരയുടെ വലിപ്പിന്റെ ലോക്ക് തകർത്ത മോഷ്ടാവ് വലിപ്പിൽ ഉണ്ടായിരുന്ന പതിനായിരത്തോളം രൂപയാണ് കവർന്നത്. എന്നാൽ അതേ വലിപ്പിൽ തന്നെ മറ്റൊരു കവറിലുണ്ടായിരുന്ന മൂവായിരത്തോളം രൂപ മോഷണം പോയിട്ടില്ലെന്നെും അധ്യാപകൻ പറഞ്ഞു. തേഞ്ഞിപ്പലം എസ് ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പൊലിസ് മദ്‌റസയിലെത്തി വിശദമായ പരിശോധന നടത്തുകയും അധ്യാപകരിൽ നിന്നും കമ്മിറ്റി ഭാരവാഹികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മദ്‌റസയുടെ സമീപത്ത് തന്നെ രഹസ്യമായി വെക്കുന്ന തോക്കോൽ ഉപയോഗിച്ച് അകത്ത് കടന്ന മോഷ്ടാവ് മദ്രസക്ക് അകത്തെ ഇടചുമരിന്റെ മുകളിൽ കൂടി ഓഫീസിലേക്ക് പ്രവേശിച്ചതാകാമെന്നാണ് നിഗമനം. ഇടചുമരിന്റെ മുകൾ ഭാഗത്ത് മോഷ്ടാവിന്റേതെന്ന് കരുതുന്ന വിരലടയാളങ്ങൾ പതിഞ്ഞിട്ടുണ്ട്.
إرسال تعليق