തിരുവനന്തപുരം ● സ്‌കൂളുകളില്‍ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം കനക്കുന്നു. സൂംബ പരിശീലനം നല്‍കുന്നതിനെ എതിര്‍ത്ത് കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. എസ് വൈ എസ് കാന്തപുരം വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരമാണ് ഏറ്റവും ഒടുവില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് ക് പോസ്റ്റ് ഇങ്ങനെ
"സൂമ്പാ നൃത്തം നടപ്പാക്കുന്നത് തുക്ലക്കിയൻ പരിഷ്കാരമാവുമെന്നാണ് തോന്നുന്നത്. കൊളമ്പിയയിലെ ഒരുഡാൻസ് ട്രൈനർ തന്റെ
സ്റ്റെപ്പ് മറന്നപ്പോൾ തല്ക്കാലം കുട്ടികളെ
പിടിച്ചുനിർത്താൻ പാട്ടിട്ടു തുള്ളിച്ചാടിയത്രെ.
അതൊരു കലയാക്കി. എന്നുപറഞ്ഞാൽ വീണത് വിദ്യയാക്കി!. അതാണ് സൂമ്പാ നൃത്തം.ലഹരിയിൽ നിന്നും കുട്ടികളുടെ ശ്രദ്ധമാറ്റാൻ ഈ തുള്ളിച്ചാട്ടത്തിന്
സാധിക്കുമെന്നതിനു ശാസ്ത്രീയമായ
ഒരുപഠനവും നടന്നിട്ടില്ല.ഇത്തരം കളികൾ
അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന
തോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുക
യും കലാലയങ്ങൾ വെറും നൃത്തശാലകളാ
യി മാറുകയുംചെയ്യും.ഇത്തരം തല
തിരിഞ്ഞ പരിഷ്കരണങ്ങളിൽ നിന്നും
സർക്കാർ പിന്മാറണം. മുമ്പ് സ്ത്രീ പുരുഷ വിവേചനം ഒഴിവാക്കാൻ ക്ലാസ് റൂമിൽ ഇടകലർന്നിരിക്കണമെന്ന് പറഞ്ഞ
തിന്റെ മറ്റൊരു പതിപ്പാണിത്".
സൂംബ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് നേരത്തെ എസ് വൈ എസ് ഇ കെ വിഭാഗം നേതാവ് അബ്ദുല്‍ സമദ് പൂക്കോട്ടൂരും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും നേരത്തെ ആരോപിച്ചിരുന്നു.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. ടി കെ അഷറഫിനെ പിന്തുണയ്ച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ സമുദായ സംഘടനങ്ങള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തുന്നത്.
പൊതു വിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണെന്നും ആണും പെണ്ണും കൂടികലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല എന്നായിരുന്നു അധ്യാപകന്‍ കൂടിയായ ടി കെ അഷറഫിന്റെ പ്രതികരണം. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ തയാറല്ല, ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കും. വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നും ടി കെ അഷറഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ എന്ന പേരില്‍ സൂംബ ഡാന്‍സ് ഉള്‍പ്പെടുത്തുന്നതിനെതിരെ നേരത്തെയും ടി കെ അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ഡിജെ പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും യുവാക്കള്‍ അഭിരമിക്കുന്ന കാലമാണിത്. പിരിമുറുക്കം കുറക്കാനെന്ന പേരില്‍ സ്‌കൂളുകളില്‍ സൂംബാ ഡാന്‍സിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നാണ് ടി കെ അഷറഫിന്റെ വാദം.
എന്നാല്‍, കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്നും വസ്ത്ര ധാരണം വിഷയമാക്കേണ്ടതില്ലെന്നുമാണ് വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സൂംബയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രേഖാമൂലമുള്ള പരാതികള്‍ മുന്നിലില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂംബ നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Post a Comment