ഫറോക്ക് ● കനത്ത മഴയെ തുടർന്ന് ചാലിയാറിൽ ഉണ്ടായ ശക്തമായ ഒഴുക്കിൽ ബേപ്പൂർ ഹാർബറിന് സമീപം നങ്കൂരമിട്ട കൂറ്റൻ ഫൈബർ വള്ളങ്ങൾ ഒഴുകിപ്പോയി. കടൽക്ഷോഭത്തെ തുടർന്ന് കടലിൽ ഇറങ്ങാത്തതിനാൽ ബേപ്പൂർ ഹാർബറിന് സമീപം കൂട്ടമായി നങ്കൂരമിട്ട മാറാട്, ആനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള നഷാത്ത് സഫീനത്ത്, മബ്റൂക്ക്, ബാദുഷ, ജിഫ്രിയ, അലിയാർ , ബർക്കത്ത്, മഷ്റൂക്ക്, ഹംദ് തുടങ്ങിയ വള്ളങ്ങളാണ് ശക്തമായ ഒഴുക്കിനെ തുടർന്ന് നങ്കൂരമിളകി കടലിലേക്ക് ഒഴുകിയത്.
വള്ളങ്ങൾ കൂട്ടമായി ഒഴുകിപ്പോവുന്നത് ശ്രദ്ധയിൽ പെട്ട ചാലിയത്തേയും ബേപ്പൂരിലേയും മൽസ്യത്തൊഴിലാളികളുടെ അവസരോചിത ഇടപെടലാണ് പുലിമുട്ടിൽ ഇടിച്ച് തകരുന്നതിൽ നിന്ന് നിന്ന് വള്ളങ്ങളെ രക്ഷിച്ചത്. പ്രദേശവാസികളായ മൽസ്യത്തൊഴിലാളികൾ ചെറുവള്ളങ്ങളിലെത്തി ഫൈബർ വള്ളങ്ങളെ നങ്കൂരങ്ങളിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.
ട്രോളിങ് നിരോധന സമയമായതിനാൽ ഹാർബറും മറ്റു സുരക്ഷിത ഇടങ്ങളും ബോട്ടുകൾ കയ്യടക്കിയതിനാൽ ഫൈബർ വള്ളങ്ങൾക്ക് സുരക്ഷിതമായി നങ്കൂരമിടാനുള്ള ഇടങ്ങൾ ഈ മേഖലയിൽ കുറവാണ്.
Post a Comment