ന്യൂഡല്‍ഹി ● സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍. കനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളാണ് ഉപഭോക്താക്കൾക്ക് ആശ്വാസകരമായ നടപടിയുമായി മുന്നോട്ടുവന്നത്. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയീടാക്കുന്നത് ബാങ്കുകള്‍ ഒഴിവാക്കുന്നത്.
രണ്ട് മാസത്തിനിടെ നാല് പൊതുമേഖലാ ബാങ്കുകളാണ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് നിബന്ധനയൊഴിവാക്കിയത്. കാനറാ ബാങ്കാണ് മിനിമം ബാലന്‍സ് നിബന്ധന ആദ്യം ഒഴിവാക്കിയത്. ജൂണ്‍ ഒന്നു മുതല്‍ അക്കൗണ്ടില്‍ മാസം ശരാശരി നിശ്ചിത തുകയുണ്ടായിരിക്കണമെന്നുള്ള നിബന്ധന ഒഴിവാക്കി. പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ജൂലൈ ഒന്നുമുതല്‍ ഇത് നടപ്പാക്കിയതായി അറിയിച്ചു. പിന്നാലെ ഇന്ത്യന്‍ ബാങ്കും തീരുമാനവുമായി രംഗത്തെത്തി.
ജൂലൈ ഏഴുമുതലാണ് ഇന്ത്യന്‍ ബാങ്ക് ഇത് നടപ്പാക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020 മുതല്‍ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന പിന്‍വലിച്ചിരുന്നു. എസ്ബിഐ ഒഴികെയുള്ള പൊതുമേഖലാ ബാങ്കുകള്‍ക്ക് വര്‍ഷം ശരാശരി 1,700 കോടി രൂപയ്ക്കടുത്താണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ പിഴയിനത്തില്‍ മാത്രം വരുമാനമായി ലഭിച്ചിരുന്നത്.
Post a Comment