നീന്തലാണ് ലഹരി, നീന്തിക്കയറാം മയക്കുമരുന്നിനെതിരെ; നീന്തൽ പ്രദർശനവുമായി സ്വിംഫിൻ സ്വിമ്മിങ്ങ് അക്കാദമി

ചേലേമ്പ്ര ● നീന്തലാണ് ലഹരി, നീന്തിക്കയറാം മയക്കുമരുന്നിനെതിരെ എന്ന പ്രഖ്യാപനവുമായി ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിംഗ് അക്കാദമി വാഴയൂർ കയത്തിൽ വെച്ച് നീന്തൽ പ്രദർശനം സംഘടിപ്പിച്ചു. 7 വയസുകാരിയായ നൈന മെഹക്ക് മുതൽ 72 വയസ്സുള്ള അബു ഉൾപ്പെടെ മുതിർന്നവരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ അക്കാദമിയിലെ നൂറോളം പേരും വാഴയൂർ കയം സംരക്ഷണ സമിതി പ്രവർത്തകരും നീന്തൽ യജ്ഞത്തിൽ പങ്കാളികളായി. ഒരേ മനസോടെ ഒരേ നിറത്തിലുള്ള നീന്തൽ വസ്ത്രങ്ങളണിഞ്ഞ് വ്യത്യസ്ത പ്രായക്കാർ ഒരേസമയം ഒരു ലക്ഷ്യത്തിലേക്ക് നീന്തിക്കയറിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.

നീന്തൽ പ്രദർശനവും ബോധവൽക്കരണ ക്ലാസും വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി പ്രജോഷ് കുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിൽ വാഴയൂർ കയം സംരക്ഷണ സമിതി പ്രസിഡൻ്റ് അബു അധ്യക്ഷത വഹിച്ചു. അക്കാദമി പരിശീലകൻ ഹാഷിർ ചേലൂപ്പാടം, വിജിലൻസ് വിഭാഗം എ എസ് ഐ രൂപേഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വിംഫിൻ അക്കാദമി കൺവീനർ വി സുരേഷ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. ട്രോമാകെയർ വളണ്ടിയർമാർ സേവന സന്നദ്ധരായി പരിപാടിയിൽ പങ്കെടുത്തു. നീന്തൽ കൂട്ടായ്മ പങ്കെടുക്കുന്നവരുടെ ആരോഗ്യസംരക്ഷണത്തിന് പുറമെ മയക്കുമരുന്ന് വിപത്തിനെതിരെയുള്ള ഒരു മുന്നേറ്റമാണെമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal