മഹാരാഷ്ട്രയില്‍ നിന്ന് ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി മുങ്ങിയ സംഘം വയനാട്ടിൽ പിടിയിൽ

കല്പറ്റ ● വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം പിടിയിലായി. മഹാരാഷ്ട്രയില്‍നിന്ന് ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി മുങ്ങിയ സംഘമാണ് വയനാട്ടില്‍ പിടിയിലായത്. പാലക്കാട് സ്വദേശികളാണ് കവര്‍ച്ച സംഘത്തിലുണ്ടായിരുന്നത്. കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി, പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരന്‍(33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം. കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടര്‍ന്നു. ഇവര്‍ കേരളത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു. കേരള പോലീസ് സാഹസികമായിട്ടാണ് സംഘത്തെ പിടികൂടിയത്.

ഇവര്‍ വയനാട് ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അലര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രിയിൽ ഇവര്‍ സഞ്ചരിച്ച കെ.എല്‍.10 എ.ജി 7200 സ്‌കോര്‍പിയോ കൈനാട്ടിയില്‍ വച്ച് പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.

ഒരു വാഹനത്തിലുണ്ടായിരുന്ന ആറു പേരെയാണ് പിടികൂടിയത്. ഒരു ഇന്നോവയിലുള്ളവര്‍കൂടി കവര്‍ച്ചയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനായിട്ടില്ല. പിടികൂടിയവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി. ഇവരുടെ വാഹനത്തില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം കവര്‍ച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍മാരായ വിമല്‍ ചന്ദ്രന്‍, എന്‍. വി ഹരീഷ്‌കുമാര്‍, ഒ.എസ് ബെന്നി, എ എസ് ഐ മുജീബ് റഹ്‌മാന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ പി.എം സിദ്ധിഖ്, സി.പി.ഒ എബിന്‍, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal