ചേലേമ്പ്ര പുല്ലിപ്പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് മൂലം ഭീതിയിലായി നാട്ടുകാർ. കഴിഞ്ഞദിവസം രാവിലെ മുതലാണ് ഇത്തരത്തിൽ അനേകം മത്സ്യങ്ങളെ കൂട്ടത്തോടെ ചത്തനിലയിൽ കാണപ്പെട്ടത്. ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ മുനമ്പത്ത് കടവ് മുതൽ പുല്ലിക്കടവ് വരെയുള്ള ഭാഗങ്ങളിലാണ് മത്സ്യങ്ങൾ ചത്തു പൊങ്ങിയ കാഴ്ച കാണപ്പെട്ടത്.
കരിമീൻ, മാലാൻ, ചെമ്പല്ലി, പ്രാച്ചി തുടങ്ങിയ മീനുകളാണ് വെള്ളത്തിൽ ചത്തു പൊങ്ങിയത്. ചില മീനുകൾ വെള്ളത്തിൽ മയങ്ങി കിടക്കുകയാണ്. മീൻ പിടിക്കാൻ വേണ്ടി നഞ്ചു കലക്കിയതോ വിഷം കലർന്ന വെള്ളം ഒഴുകിയെത്തിയതോ ആയിരിക്കാമെന്നാണ് നാട്ടുകാരുടെ നിഗമനം. വർഷത്തിൽ നാല് തവണയെങ്കിലും ഇത്തരത്തിൽ ഉണ്ടാകാറുണ്ടെന്ന് ഇവർ പറയുന്നു.
വളരെ ചെറിയ മീനുകൾ ചത്തു പൊങ്ങുന്നത് പിന്നീട് മത്സ്യ ലഭ്യത കുറയുമെന്നും പുഴ മലിനമാകുന്നത് മൂലം മീനുകളുടെ ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും പ്രദേശവാസികൾ ആശങ്കകൾ പങ്കുവെച്ചു. വരും ദിനങ്ങളിൽ കൂടുതൽ മീനുകൾ ചത്തു പൊങ്ങുമെന്നും പുഴയിലെ വെള്ളം ശേഖരിച്ച് പരിശോധന നടത്തിയാൽ കാരണം വ്യക്തമാകുമെന്നും നാട്ടുകാർ പറയുന്നു. പുല്ലിപ്പുഴയുടെ പരിസരങ്ങളിൽ ഉള്ള ഒട്ടേറെ പേരുടെ ഉപജീവന മാർഗം കൂടിയാണ് ഇവിടുത്തെ മത്സ്യ സമ്പത്ത്.
Post a Comment